എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Sunday, September 16, 2012

നെഹ്രു കണ്ട കളി

കോട്ടയത്തുനിന്ന് 'ഡക്‌സ്' എന്ന സ്‌പെഷല്‍ ബോട്ടിലായിരുന്നു പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ വരവ്. അന്ന് കേരളത്തിലുള്ളതില്‍ ഏറ്റവും ആധുനിക ഉല്ലാസബോട്ടായിരുന്നു അത്. നെഹ്രുവിനൊപ്പം മകള്‍ ഇന്ദിരയും പേരക്കുട്ടികളായ രാജീവ്, സഞ്ജയ് എന്നിവരുമുണ്ട്.

മണ്‍റോ തുരുത്തില്‍ താത്കാലിക പവലിയന്‍ നിര്‍മിച്ചിരുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബോട്ട് ഷെഡ്ഡാണ് ഇന്ന് ഈ തുരുത്തില്‍. ബോട്ടില്‍നിന്ന് നെഹ്രുവും സംഘവും പവലിയനിലെ കസേരയില്‍ ഉപവിഷ്ടരായപ്പോള്‍ ഒരു മൈല്‍ വടക്ക് വേമ്പനാട് കായലില്‍ വെടിപൊട്ടി. അവിടെ ചുണ്ടന്‍വള്ളങ്ങള്‍ ഒന്നിച്ച് കുതിക്കാന്‍ കിടക്കുകയായിരുന്നു. പോലീസ് ഓഫീസര്‍ ഗോവിന്ദന്‍ തോക്കില്‍നിന്ന് വെടി പൊട്ടിച്ചതോടെ ചുണ്ടന്‍വള്ളങ്ങള്‍ കുതിപ്പുതുടങ്ങി. കളിയോടങ്ങള്‍ എവിടെയെന്ന് ചോദിച്ച് നെഹ്രു മേശപ്പുറത്ത് ചാടിക്കയറി. ആരോ കൊടുത്ത ബൈനോക്കുലറിലൂടെ ദൂരെനിന്ന് കളിവള്ളങ്ങള്‍ പാഞ്ഞുവരുന്നത് ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം കണ്ടു.

നെടുമുടി പൊങ്ങ കരക്കാര്‍ തുഴയുന്ന നെപ്പോളിയന്‍, ചെമ്പുംപുറം കരക്കാരുടെ പാര്‍ഥസാരഥി, അമിച്ചകരി കരക്കാര്‍ നയമ്പെറിയുന്ന ചമ്പക്കുളം, നടുഭാഗം കരക്കാരുടെ നടുഭാഗം, എടത്വാ കരക്കാര്‍ തുഴയുന്ന നേതാജി, മാമ്പുഴക്കരി കരക്കാര്‍ നയിക്കുന്ന നെല്‍സണ്‍, കാവാലം കരക്കാര്‍ തുഴഞ്ഞ കാവാലം എന്നീ ഏഴ് ചുണ്ടന്‍ വള്ളങ്ങളാണ് നെഹ്രുവിനു മുന്നില്‍ മത്സരിക്കാനിറങ്ങിയത്.

വാശിയേറിയ മത്സരത്തില്‍ ഒരു തുഴപ്പാടിന് നടുഭാഗം ഒന്നാമതെത്തി. നെപ്പോളിയനായിരുന്നു രണ്ടാം സ്ഥാനം. കാവാലം മൂന്നാം സ്ഥാനം കരസ്ഥമാക്കി. 10 മിനിറ്റു കൊണ്ട് മത്സരം കഴിഞ്ഞു. സമ്മാനദാനത്തിനുശേഷം നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി നെഹ്രു ആലപ്പുഴ ജെട്ടിവരെ യാത്ര ചെയ്തു. എല്ലാവര്‍ഷവും വള്ളംകളി നടത്തണമെന്ന് ആഗ്രഹമറിയിച്ച നെഹ്രു ഡല്‍ഹിയില്‍ചെന്ന ശേഷം ജേതാവിന് സമ്മാനിക്കാന്‍ ഒരു മുഴം നീളമുള്ള ഒരു വെള്ളിച്ചുണ്ടന്‍ അയച്ചുകൊടുത്തു. ഇതാണ് നെഹ്രു ട്രോഫി.

കൊല്ലം കളക്ടര്‍ തമ്പുരാന്‍, പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ എന്‍.വി. ചെല്ലപ്പന്‍ നായര്‍, കുട്ടനാട്ടില്‍നിന്നുള്ള തിരു-കൊച്ചി നിയമസഭാംഗം നാരായണ പിള്ള എന്നിവരായിരുന്നു വള്ളംകളിയുടെ മുഖ്യ സംഘാടകര്‍. അന്ന് ആലപ്പുഴ കൊല്ലം ജില്ലയിലായിരുന്നു.

ട്രോഫി വരാന്‍ വൈകിയതിനാല്‍ 53ല്‍ കളി നടന്നില്ല. 54ല്‍ മീനപ്പള്ളി വട്ടക്കായലിലായിരുന്നു കളി. ഇവിടെ കാറ്റ് കൂടുതലായതിനാല്‍ 55ല്‍ പുന്നമടക്കായലിലേക്ക് മാറ്റി. അന്നുമുതല്‍ പുന്നമടക്കായലാണ് സ്ഥിരം വേദി. 52ല്‍ നെഹ്രു കണ്ട വള്ളം കളിയുടെ ഏക ചരിത്ര ദൃശ്യരേഖ രണ്ടാം സമ്മാനം നേടിയ നെപ്പോളിയനു വേണ്ടി ക്യാപ്റ്റന്‍ പൂപ്പള്ളി കുട്ടിച്ചന്‍ നെഹ്രുവില്‍നിന്ന് ട്രോഫി വാങ്ങുന്ന ഫോട്ടോയാണ്. കാലപ്പഴക്കംകൊണ്ട് ഫോട്ടോ ആകെ മങ്ങിപ്പോയി.

പൂപ്പള്ളി കുടുംബത്തിന്റേതായിരുന്നു നെപ്പോളിയന്‍ ചുണ്ടന്‍. 52ല്‍ ഒന്നാമതെത്തിയ നടുഭാഗം പിന്നീട് ഇതുവരെ ഒന്നാം സ്ഥാനത്ത് വന്നിട്ടില്ല. അതേ സമയം നെപ്പോളിയന്‍ 57,58,59 വര്‍ഷങ്ങളില്‍ നെഹ്രു ട്രോഫി നേടി. ചരിത്രത്തിലെ ആദ്യത്തെ ഹാട്രിക് കുറിച്ചു. 61ലും നെപ്പോളിയന്‍ ഒന്നാമതെത്തി. എന്നാല്‍ 1920ല്‍ ആറമ്മുളയില്‍നിന്ന് ചുണ്ടന്‍ വാങ്ങി പുതുക്കിപ്പണിത് നെപ്പോളിയന്‍ എന്ന പേരിട്ടത് കുട്ടിച്ചനാണ്.പക്ഷേ, വള്ളംകളിവേദിയിലെ നിറസാന്നിധ്യമായിരുന്ന കുട്ടിച്ചന്റെ ക്യാപ്റ്റന്‍സിയില്‍ ട്രോഫി നേടാന്‍ കഴിഞ്ഞില്ല. 56ല്‍ അദ്ദേഹം മരിച്ചു. നെപ്പോളിയന്‍ നെഹ്രുട്രോഫി കരസ്ഥമാക്കിയ നാലു തവണയും കുട്ടിച്ചന്റെ മകന്‍ കുട്ടപ്പനായിരുന്നു ക്യാപ്റ്റന്‍.

73ല്‍ നെപ്പോളിയന്‍ വെള്ളംകുളങ്ങര കരക്കാര്‍ക്കുവിറ്റു. നെപ്പോളിയന്‍ എന്ന പേര് പിന്നീട് പാടില്ലെന്ന നിബന്ധനയിലായിരുന്നു വില്പന. വെള്ളംകുളങ്ങര എന്നാണ് ചുണ്ടന്റെ ഇപ്പോഴത്തെ പേര്. പഴയ നെപ്പോളിയന്റെ ഓടില്‍ തീര്‍ത്ത കൂമ്പ്, കുറ്റിയും വളയും, വെള്ളിക്കുമിള എന്നിവ കുട്ടിച്ചന്റെ മകന്‍ മോനിച്ചന്‍ നിധിപോലെ വീട്ടില്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. അമരത്ത് സ്ഥാപിച്ചിരുന്ന നെപ്പോളിയന്‍ എന്ന പേര് ആലേഖനം ചെയ്ത ഓടിന്റെ ഫലകവും ഇക്കൂട്ടത്തിലുണ്ട്.

52ലെ കളിയില്‍ പുളിങ്കുന്ന് പുന്നക്കുന്നത്തുശ്ശേരിയിലെ ഐ.സി. ചാക്കോയുടെ ജിയര്‍ഗോസ് എന്ന ചുണ്ടന്‍ പങ്കെടുക്കാനിരുന്നതാണ്. പാടത്തിന്റെ കരയില്‍ പാടത്തിനുനടുവില്‍ വെച്ചിരുന്ന ചുണ്ടന്‍ കൃഷി തുടങ്ങിയതിനാല്‍ വെള്ളത്തിലിറക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ നെഹ്രു എട്ട് കളിയോടങ്ങളുടെ മത്സരം കെേണ്ടനെ.

ചുണ്ടന്‍ എന്ന സ്വപ്നം



ഒരു പുത്തന്‍ ചുണ്ടന്‍ കരക്കാര്‍ക്ക് സ്വപ്നമെന്നോണം തന്നെ, ചുണ്ടന്‍ പണിയാന്‍ ഒരവസരം കിട്ടുകയെന്നത് പണ്ട് ആശാരിമാര്‍ക്കും വലിയ ആഗ്രഹമുള്ള കാര്യമായിരുന്നു. ചുണ്ടന്‍ പണിതിറക്കുന്ന ആശാരിക്ക് നാട്ടില്‍ ഒരു 'വി.ഐ.പി.' പദവികിട്ടിയിരുന്നത്രേ.

കുട്ടനാടിന്റെ പഴങ്കഥകളില്‍ ഒരു ആശാരിയുടെ കഥയുണ്ട്. കഥയല്ല, നടന്ന സംഭവമാണ്. ചമ്പക്കുളത്തുകാരന്‍ വടക്കേപ്പുരയ്ക്കല്‍ ഗോവിന്ദന്‍ ആശാരിയാണ് കഥാപാത്രം.ആയാപറമ്പ് തെക്കേമുറി ചുണ്ടന്‍ പണിയുടെ കാലം. ഗോവിന്ദനാശാരിക്ക് മാലിപ്പുര (വള്ളപ്പുര)യില്‍ പണിക്കാര്‍ക്കൊപ്പം ചുണ്ടന്റെ നിര്‍മാണ പ്രക്രിയയില്‍ പങ്കാളിയാവാന്‍ മോഹം. പണിയായുധങ്ങളുമായി ചെന്ന ഗോവിന്ദന്‍ ആശാരിയെ മാലിപ്പുരയിലെ ആശാരിമാര്‍ പരിഹസിച്ച് വിട്ടു. ചുണ്ടന്‍ പണിയാന്‍ താന്‍ ആളായിട്ടില്ലെന്ന് അവര്‍ പറഞ്ഞത് ഗോവിന്ദന്‍ ആശാരിയെ വേദനിപ്പിച്ചു.

എന്നാല്‍ ചുണ്ടന്‍ പണിതിട്ടുതന്നെ ബാക്കി കാര്യം എന്ന വാശിയിലായി ആശാരി. സ്വന്തം വീടും സ്ഥലവും പണയപ്പെടുത്തി പണം സമ്പാദിച്ചു. കിഴക്കന്‍ നാട്ടില്‍ പോയി ആഞ്ഞിലിത്തടിയെടുത്തു. ചങ്ങാടത്തില്‍ തടി കൂട്ടിക്കെട്ടി പമ്പയാറ്റിലൂടെയാണ് വരവ്. യാത്രക്ക് നാലഞ്ചുദിവസം വേണം. രാത്രി ഏതെങ്കിലും കടവില്‍ കിടന്നുറങ്ങും. ഒരു രാത്രി രണ്ട് വലിയ ഉരുളന്‍ തടി മോഷണം പോയി. ആശാരി തളര്‍ന്നില്ല. ഭാര്യയുടെയും മക്കളുടെയും സ്വര്‍ണപ്പണ്ടങ്ങള്‍ എല്ലാം വിറ്റ് ആശാരി വീണ്ടും തടിയെടുത്തു. കടത്തില്‍ മുങ്ങിത്താണ് ആശാരി ചുണ്ടന്റെ പണി തുടങ്ങി. വള്ളംപണി കണ്ട് നാട്ടുകാര്‍ കൂടി. നാട്ടില്‍ ഒരു ചുണ്ടന്‍ ഉണ്ടാവുന്നതില്‍ നാട്ടുകാര്‍ക്ക് ആവേശമായി. ആശാരിയുടെ കടത്തിന്റെ വിവരമറിഞ്ഞ നാട്ടുകാര്‍ സഹകരിച്ചു.

ചുണ്ടന്‍ നീരണിഞ്ഞ ദിവസം ആശാരിയെ തോളിലേറ്റി വരവേറ്റ നാട്ടുകാര്‍ പൊന്നും പണവും സമ്മാനമായി നല്‍കി. ഒടുവില്‍ ആശാരിക്ക് കടം വീട്ടിക്കഴിഞ്ഞ് മിച്ചം തുക കിട്ടിയത്രേ. ചുരുക്കത്തില്‍ ചുണ്ടന്‍ ആശാരിയുടെ കടം വീട്ടി.

ഗോവിന്ദന്‍ ആശാരി കടംവാങ്ങി പണിത വള്ളമാണ് പാര്‍ഥസാരഥി ചുണ്ടന്‍. കുട്ടനാട്ടില്‍ ഇപ്പോള്‍ ഉള്ളതില്‍ ഏറ്റവും പഴക്കമുള്ള ചുണ്ടനാണ് പാര്‍ഥസാരഥി. ഏതാണ്ട് 90 വര്‍ഷത്തെ പഴക്കം. ബ്രിട്ടീഷ് ഭരണകാലത്ത് കൊല്ലം അഷ്ടമുടിക്കായലില്‍ വൈസ്രോയി നടത്തിയ വള്ളംകളിയില്‍ പാര്‍ഥസാരഥിയാണ് ജേതാവായത്. പിന്നീട് ചുണ്ടന്റെ അമരത്തിനിരുവശവും നമ്പര്‍ വണ്‍ എന്ന് വലിയ ഗമയോടെ ആലേഖനം ചെയ്തിരുന്നു. ഒന്നാമത് എത്തിയതിന്റെ ഓര്‍മ്മയ്ക്കായിരുന്നു ഈ ആലേഖനം. പഴയ വള്ളമായതിനാല്‍ കുട്ടനാട്ടിലെ ഏറ്റവും നീളം കുറഞ്ഞ വള്ളമാണിത്. പലവട്ടം പാര്‍ഥസാരഥി പുതുക്കിപ്പണിതിട്ടുണ്ട്.

ദീര്‍ഘകാലം തോട്ടുവാത്തല എന്‍.എസ്.എസ്. കരയോഗത്തിന്റേതായിരുന്നു ഈ വള്ളം. പിന്നീട് തോട്ടയ്ക്കാട് രാജപ്പന്‍ നായര്‍ എന്ന വ്യക്തി വിലയ്ക്കു വാങ്ങി.

കുറെക്കാലമായി പാര്‍ഥസാരഥി മത്സരത്തിനിറങ്ങാറില്ല. എങ്കിലും പ്രദര്‍ശനത്തുഴച്ചിലില്‍ പങ്കെടുക്കാനെത്തുമായിരുന്നു.

പതിന്നാലാം നൂറ്റാണ്ടിലാണ് ചെമ്പകശ്ശേരി രാജവംശം നാടു ഭരിച്ചിരുന്നത്. അക്കാലത്ത് ആദ്യം പിറന്ന ചുണ്ടനു പിന്നാലെ നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒട്ടേറെ ചുണ്ടന്‍ വള്ളങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാലപ്പഴക്കത്തില്‍ നശിച്ച ചുണ്ടന്‍ വള്ളങ്ങളൊക്കെ വിസ്മൃതിയിലാണ്. പേരുകള്‍ പഴമക്കാര്‍ക്കു പോലും അറിയില്ല.

1940 വരെയുണ്ടായിരുന്ന നേതാജി, നെല്‍സണ്‍, കൊടുപ്പുന്ന എന്നീ ചുണ്ടന്‍ വള്ളങ്ങളുടെ പേര് പഴമക്കാരില്‍ ചിലര്‍ ഓര്‍ക്കുന്നുണ്ട്.

ചുണ്ടന്‍ കനിവ് നാടിനു വിദ്യ


ചുണ്ടനും സ്‌കൂളും തമ്മില്‍ എന്താണു ബന്ധം? കടലും കടലാടിയും പോലെ ഒരു ബന്ധവുമില്ലെന്ന് ഈ ചോദ്യത്തിന് ഉത്തരം വന്നേക്കാം. എന്നാല്‍ ചുണ്ടന്‍ അറിവിന്റെ പ്രകാശഗോപുരമുയരാന്‍ കാരണമായ സംഭവം ജലോത്സവചരിത്രത്തിലുണ്ട്.

കരുവാറ്റയിലും കൊടുപ്പുന്നയിലും സ്‌കൂളുകള്‍ വരാനുള്ള പണം ചൊരിഞ്ഞത് രണ്ട് ചുണ്ടന്‍വള്ളങ്ങളാണ്.

കരുവാറ്റ കരക്കാര്‍ക്ക് പണ്ട് ഒരു ചുണ്ടനുണ്ടായിരുന്നു. പയ്യമ്പള്ളി ഇല്ലത്തുകാരുടേതായിരുന്നു ഈ വള്ളം. ഈ ചുണ്ടന്‍ കൈനകരിക്കാര്‍ക്ക് വിറ്റു. കൈനകരിക്കാര്‍ ചുണ്ടന് നെപ്പോളിയന്‍ എന്നു പേരിട്ട് കളിക്കു കൊണ്ടുപോയിരുന്നു.

ചുണ്ടന്‍ വിറ്റുകിട്ടിയ പണംകൊണ്ട് സ്ഥലം വാങ്ങി കെട്ടിടം പണിത് കരുവാറ്റയിലെ നാട്ടുകാര്‍ ഒരു എല്‍.പി. സ്‌കൂള്‍ സ്ഥാപിച്ചു. ഇതാണ് കുമാരപുരം എല്‍.പി.സ്‌കൂള്‍. ഈ സ്‌കൂള്‍ പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. കൈനകരിക്കാര്‍ കൊണ്ടുനടന്ന നെപ്പോളിയന്‍ ചുണ്ടനാണ് കൈനകരിക്കാരില്‍നിന്ന് വെള്ളംകുളങ്ങരക്കാര്‍ വാങ്ങിയത്. ചുണ്ടന് വെള്ളം കുളങ്ങര എന്ന് പേരുമിട്ടു. പലവട്ടം പുതുക്കിപ്പണിത വെള്ളംകുളങ്ങര ചുണ്ടനില്‍ ഇപ്പോള്‍ പഴയ നെപ്പോളിയന്റെ രണ്ട് പലകകള്‍ മാത്രമേയുള്ളൂ. ചുരുക്കത്തില്‍ വെള്ളംകുളങ്ങര ഒരു പുതിയ ചുണ്ടനായി.

കൈനകരിക്കാര്‍ക്ക് ചുണ്ടന്‍ വിറ്റ കരുവാറ്റക്കാര്‍ വള്ളംകളിയില്‍നിന്ന് പിന്‍വാങ്ങിയെന്ന് ആരും കരുതരുത്. കുറെനാള്‍ കരുവാറ്റക്കാര്‍ ചുണ്ടന്‍ വാടകയ്ക്ക് എടുത്ത് കളിച്ചു. എടത്വാക്കാരുടെ പച്ചച്ചുണ്ടനായിരുന്നു സ്ഥിരമായി വാടകയ്ക്ക് എടുത്തിരുന്നത്. പിന്നീട് പച്ചച്ചുണ്ടന്‍ കരുവാറ്റക്കാര്‍ വിലയ്ക്ക് വാങ്ങി. പച്ചച്ചുണ്ടന്റെ പേരുമാറ്റി കരുവാറ്റ എന്ന് ചുണ്ടന് നാമകരണം ചെയ്തു. കരുവാറ്റയും വെള്ളംകുളങ്ങരയും ഇപ്പോഴും ജലമേളയുടെ കളിത്തട്ടിലുണ്ട്.

പഴയകാലത്ത് പ്രശസ്തി നേടിയ 'ജിയര്‍ഗോസ്' ചുണ്ടന്‍ വിറ്റുകിട്ടിയ പണം മുടക്കിയാണ് കൊടുപ്പുന്ന കരക്കാര്‍ കൊടുപ്പുന്ന ഗ്രാമത്തില്‍ യു.പി.സ്‌കൂള്‍ സ്ഥാപിച്ചത്. ഈ സ്‌കൂളും സര്‍ക്കാര്‍ പിന്നീട് ഏറ്റെടുത്തു.

പുളിങ്കുന്നിനടുത്ത പുന്നക്കുന്നത്തുശ്ശേരിക്കാരുടേതായിരുന്നു 'ജിയര്‍ഗോസ്'. വള്ളം ഉടമയാവട്ടെ സാഹിത്യനിരൂപകശ്രേഷ്ഠനായ ഐ.സി.ചാക്കോ. ജിയര്‍ഗോസ് ലത്തീന്‍ വാക്കാണ്. കര്‍ഷകന്‍ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. തായങ്കരിക്കാരാണ് 'ജിയര്‍ഗോസ്' വാങ്ങിയത്. ഈ ചുണ്ടന്‍ പിന്നീട് തായങ്കരിക്കാര്‍ കൊടുപ്പുന്നക്കാര്‍ക്ക് വില്ക്കുകയായിരുന്നു. കൊടുപ്പുന്നക്കാര്‍ കുറെക്കാലം ഈ ചുണ്ടന്‍ കളിച്ചു. ചുണ്ടന്‍ കൊറ്റാത്തൂര്‍ കൈതോടിക്കാര്‍ക്ക് വിറ്റു കിട്ടിയ പണംകൊണ്ടാണ് കൊടുപ്പുന്നക്കാര്‍ സ്‌കൂള്‍ പണിതത്. തായങ്കരിക്കാര്‍ ഒരു ചുണ്ടന്‍ പണിതിറക്കി എല്ലാ കളിയിലും പങ്കെടുക്കുന്നുണ്ട്. ജവഹര്‍ എന്നാണ് ഈ ചുണ്ടന്റെ പേര്‍. ജവഹറുമായി തായങ്കരിക്കാര്‍ ഇക്കുറിയും നെഹ്രുട്രോഫിക്ക് എത്തുന്നുണ്ട്.

ചരിത്രത്തില്‍ ആദ്യം ചുണ്ടന്‍ സ്വന്തമാക്കിയവരാണ് കൊടുപ്പുന്നക്കാര്‍. യുദ്ധം ജയിച്ച പടക്കപ്പല്‍ ചെമ്പകശ്ശേരി രാജാവ് സമ്മാനമായി കൊടുപ്പുന്ന ദേശക്കാര്‍ക്ക് നല്കുകയായിരുന്നല്ലോ. ആദ്യത്തെ ചുണ്ടന്റെ ശില്പി നാരായണന്‍ ആശാരിയുടെ നാട് കൂടിയായിരുന്നു കൊടുപ്പുന്ന. 40 വര്‍ഷത്തിലേറെയായി കൊടുപ്പുന്നക്കാര്‍ക്ക് ചുണ്ടനില്ല. ആദ്യത്തെ ചുണ്ടന്റെ ഉടമകള്‍ നാല് പതിറ്റാണ്ടായി വള്ളം കളി രംഗത്തില്ലെന്ന് സാരം.

ചുണ്ടന്‍ പ്രൗഢിയുടെ ചിഹ്നം


യുദ്ധതന്ത്രത്തിന്റെ സന്തതിയാണ് ചുണ്ടന്‍. കായലിലെ യുദ്ധക്കളത്തില്‍ പോരാടി ജലപാതകളിലൂടെ ജൈത്രയാത്ര നടത്തിയ പടക്കപ്പലില്‍നിന്നുള്ള ചുണ്ടന്റെ പിറവിയുടെ കഥയ്ക്കുപിന്നില്‍ രാജ്യസ്‌നേഹമുണ്ട്; പ്രാചീന തച്ചുശാസ്ത്രത്തിന്റെ മികവുണ്ട്. ഇന്ന് ജലോത്സവങ്ങളിലെ ആകര്‍ഷണഘടകമായ ചുണ്ടന്‍ പണ്ടത്തെ പടക്കപ്പലിന്റെ പിന്‍ഗാമിയാണ്. പടയ്ക്കുപയോഗിക്കുന്ന ജലവാഹനം പിന്നീട് പകിട്ടാര്‍ന്ന ചുണ്ടനായി രൂപംപ്രാപിക്കുകയായിരുന്നു.

ചുണ്ടന്റെ ജന്മത്തിനു പിന്നിലെ തിരശ്ശീല ഉയരുമ്പോള്‍ ചരിത്രത്തിന്റെ സ്​പന്ദനം കേള്‍ക്കാം. ആ സ്​പന്ദനം ചുണ്ടന്റെ കഥപറയുന്നു. അത് ഇപ്രകാരം.

നാട്ടുരാജാക്കന്മാരുടെ ഭരണകാലം. ചെമ്പകശ്ശേരി, കായംകുളം എന്നീ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത ശത്രുത. കലഹം മൂത്ത് ഇരുരാജ്യങ്ങളും യുദ്ധത്തിനൊരുങ്ങി. കായംകുളം കായലിലൂടെ പടയോട്ടം നടത്തി, കായംകുളം പിടിച്ചടക്കാന്‍ ചെമ്പകശ്ശേരി രാജാവ് ദേവനാരായണന്‍ പുതിയൊരു യുദ്ധതന്ത്രത്തിന് രൂപം നല്കി. യുദ്ധം ജലമാര്‍ഗമാക്കാനായിരുന്നു തീരുമാനം. യുദ്ധത്തിനായി ഒരു ജലവാഹനം തയ്യാറാക്കാന്‍ രാജാവ് ഉത്തരവിട്ടു. നിരവധി ശില്പികള്‍ മാതൃകയുമായി എത്തി. കൊടുപ്പുന്ന സ്വദേശി വെങ്കിടയില്‍ നാരായണന്‍ ആചാരി സമര്‍പ്പിച്ച മാതൃക രാജാവിന് ഇഷ്ടപ്പെട്ടു. തെങ്ങിന്‍കൊതുമ്പിലായിരുന്നു മാതൃക. ഇതനുസരിച്ച് ജലവാഹനം പണിതിറക്കി.

നൂറോളം പടയാളികള്‍ക്ക് കയറാം. പീരങ്കികള്‍ വെക്കാനും വെടിക്കോപ്പുകള്‍ സൂക്ഷിക്കാനും ഇടം. ചെമ്പകശ്ശേരി സൈന്യം ഈ പടക്കപ്പലുമായി പരീക്ഷണത്തിനായി കായലില്‍ ഇറങ്ങി. അതുവരെ കാണാത്ത പടക്കപ്പല്‍ കണ്ട് കായംകുളം രാജാവ് ഭയന്നു. നൂറോളംപേര്‍ ഒന്നിച്ച് തുഴയുമ്പോള്‍ ശരവേഗത്തില്‍ ജലവാഹനം പറക്കുന്നു. അതുപോലൊരു പടക്കപ്പല്‍ ഇല്ലാതെ പോരാടാന്‍ കഴിയില്ലെന്നുകണ്ട കായംകുളം രാജാവ് കൊടുപ്പുന്ന ആശാരിയെ കായംകുളത്ത് കൊണ്ടുവന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കായംകുളം രാജാവിനും ചെമ്പകശ്ശേരിക്കുള്ളതുപോലെ ഒരു ജലവാഹനം പണിതുകൊടുക്കാന്‍ ആശാരി നിര്‍ബന്ധിതനായി.

കായംകുളം സൈന്യം കായലില്‍ പരിശീലനം തുടങ്ങി. തങ്ങള്‍ക്കുള്ളതുപോലെ ഒരു ജലവാഹനം കായംകുളം ചേരിയില്‍ക്കണ്ട ചെമ്പകശ്ശേരി രാജാവ് പടക്കപ്പലിന്റെ നിര്‍മാണരഹസ്യം ചോര്‍ന്നതില്‍ കോപാകുലനായി. രാജഭടന്മാര്‍ ആശാരിയെ പിടിച്ചുകെട്ടി കല്‍ത്തുറുങ്കിലടച്ചു. വധശിക്ഷയ്ക്ക് രാജാവ് ഉത്തരവിട്ടു. ''യുദ്ധം കണ്ടശേഷമേ വധശിക്ഷ നടപ്പാക്കാവൂ. യുദ്ധത്തില്‍ ചെമ്പകശ്ശേരി ജയിക്കും''-ആശാരി കേണപേക്ഷിച്ചു.

യുദ്ധം തുടങ്ങി. കായലില്‍ ഇരുപടക്കപ്പലുകളും പോരിനിറങ്ങി. ചെമ്പകശ്ശേരിയുടെ പടക്കപ്പലിലെ പീരങ്കിയില്‍നിന്ന് വെടിപൊട്ടുമ്പോള്‍ ജലവാഹനം ഒരടി മുന്നോട്ട്. കായംകുളത്തെ പടക്കപ്പലിലെ പീരങ്കിയില്‍നിന്ന് വെടിവെക്കുമ്പോള്‍ ജലവാഹനം ഒരടി പിന്നോട്ട്. തച്ചുശാസ്ത്രത്തില്‍ ആശാരിക്കുള്ള കരവിരുതായിരുന്നു അതിനു കാരണം. ചെമ്പകശ്ശേരി യുദ്ധം ജയിച്ചു. സന്തുഷ്ടനായ ചെമ്പകശ്ശേരി രാജാവ് ആശാരിയെ തടവില്‍നിന്നു മോചിപ്പിച്ച് സമ്മാനങ്ങള്‍ നല്കി. സ്വര്‍ണവും വിലപിടിപ്പുള്ള ദ്രവ്യങ്ങളും സമ്മാനിച്ചതു കൂടാതെ ധാരാളം ഭൂമി കരമൊഴിവായി പതിച്ചുകൊടുത്തു.

ചെമ്പകശ്ശേരിയുടെ പടക്കപ്പല്‍ ആശാരിയുടെ നാടായ കൊടുപ്പുന്ന ദേശക്കാര്‍ക്ക് ഉപഹാരമായി നല്കി. ഈ പടക്കപ്പലിന്റെ രൂപവും ഭാവവും മാറ്റി വെങ്കിട്ടനാരായണന്‍ ആശാരി ആദ്യത്തെ ചുണ്ടന്‍വള്ളം പണിതു. അങ്ങനെ ആദ്യത്തെ കളിയോടം പിറന്നു.ആദ്യകാലത്ത് ചുണ്ടന്‍ പ്രൗഢിയുടെ ചിഹ്നമായിരുന്നു. മത്സരത്തിന് ഉപയോഗിച്ചിരുന്നില്ല.

Saturday, September 15, 2012

ചുണ്ടന്‍ ... പോരാളികളുടെ വാഹനം



വള്ളംകളി എന്നു തുടങ്ങിയെന്നതു സംബന്ധിച്ച് തെളിവുകളില്ല. എങ്കിലും നൂറ്റുണ്ടുകള്‍ക്ക് മുമ്പുതന്നെ വള്ളംകളി സംഘടിപ്പിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നീ ആരാധനാലയങ്ങളിലെ പ്രതിഷ്ഠയുടെ സ്മരണക്കായി ജലോത്സവം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നുവെന്ന് ചരിത്രമുണ്ട്. അന്നത്തെ ജലഘോഷയാത്രയും ജലോത്സവവും വള്ളംകളിയും ഒക്കെ ഒന്നായിരുന്നുവെന്ന ഒരു അഭിപ്രായമുണ്ട്. ആഘോഷ വേളകളില്‍ ചെറുവള്ളങ്ങള്‍ക്കൊപ്പം ചുണ്ടന്‍ വള്ളങ്ങള്‍ അണിഞ്ഞൊരുങ്ങി ആടിപ്പാടി തുഴഞ്ഞു പോവുന്നതായിരുന്നു ജലഘോഷയാത്രയും ജലോത്സവവും വള്ളംകളിയും.   

             വള്ളംകളിയും മത്സരവള്ളംകളിയും തമ്മില്‍ വ്യത്യാസമുണ്ട്. മത്സരവള്ളംകളി ആരംഭിക്കുന്നത് 1940 കളുടെ തുടക്കത്തിലായിരുന്നുവത്രേ. ചുണ്ടന്‍ വള്ളങ്ങള്‍ പോരുവള്ളങ്ങളാവുന്നത് അതോടെയാണ്. ഒരിടത്ത് ചുണ്ടന്‍ വള്ളങ്ങള്‍ ഒന്നിച്ച് തുഴച്ചില്‍തുടങ്ങി നിശ്ചിത മത്സരദൂരം തുഴഞ്ഞ് മറ്റൊരിടത്ത് എത്തുന്ന തരത്തിലാണ് മത്സരവള്ളംകളി സംഘടിപ്പിക്കുന്നത്. 

            ചമ്പക്കുളത്തും പായിപ്പാട്ടും പണ്ടേ വള്ളംകളിയുണ്ടായിരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് ചമ്പക്കുളത്ത് കളിയെങ്കില്‍ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി പായിപ്പാട് വള്ളംകളി ബന്ധപ്പെട്ടുകിടക്കുന്നു. ചുണ്ടന്‍ വള്ളങ്ങളും ചെറുകളിയോടങ്ങളും ഒന്നിച്ചു തുഴഞ്ഞുവരുന്നതാണ് പണ്ടുകാലത്ത് നടന്ന വള്ളംകളി. 
നെഹ്രുട്രോഫി ആദ്യം മുതല്‍ക്കേ മത്സരവള്ളം കളിയായിരുന്നു. കാലക്രമേണ ചമ്പക്കുളത്തും പായിപ്പാട്ടും മറ്റുദിക്കുകളിലും വള്ളംകളി മത്സരവള്ളംകളിയായി മാറി.   
                                                           
              കൊല്ലത്ത് മണ്‍റോ തുരുത്തില്‍ ബ്രിട്ടീഷ് വൈസ്രോയി 40കളില്‍ ഒരു മത്സരവള്ളംകളി നടത്തിയതായി രേഖയുണ്ട്. ഒരുപക്ഷേ അതായിരിക്കാം ആദ്യത്തെ മത്സരവള്ളംകളി. വള്ളംകളി മത്സരവള്ളംകളി ആവുന്നതിനുമുമ്പ് ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പള്ളിയോടങ്ങളുടെ രൂപമായിരുന്നു. വീതി കൂടി, നീളം കുറഞ്ഞ്,അണിയവും (മുന്‍ഭാഗം) അമരവും (പിന്‍ഭാഗം) ഉയര്‍ന്നതായിരുന്നു പഴയ ചുണ്ടന്‍ വള്ളങ്ങള്‍. കാണാന്‍ അഴക്, ഓളപ്പരപ്പില്‍ കിടക്കുമ്പോള്‍ പ്രൗഢിയുടെ പ്രതീകം. അതുകൊണ്ടാണ് ചുണ്ടന് ജലരാജാവ് എന്ന് പേര് വീണത്.

             മത്സരവള്ളംകളി വന്നതോടെ ചുണ്ടന്റെ നീളം കൂടി, വീതികുറഞ്ഞു. അണിയവും അമരവും താഴ്ത്തി. ഭാരം കുറച്ച് ജലനിരപ്പിന് സമാന്തരമായി കുതിക്കാന്‍ ചുണ്ടനിലുണ്ടാക്കിയ രൂപമാറ്റം വേഗം വളരെയേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. പഴയ ചുണ്ടന്റെ രൂപം ഇന്നും അതേപടി നിലനിര്‍ത്തുന്നതാണ് ആറന്മുള പള്ളിയോടം. മത്സരത്തിന് മുന്‍തൂക്കം നല്‍കി രൂപമാറ്റം ഉണ്ടായതാണ് കുട്ടനാടന്‍ ചുണ്ടന്‍. 50 കളില്‍ മത്സരവള്ളംകളിക്ക് പ്രാമുഖ്യം വന്നുതുടങ്ങി. 

          നെഹ്രു ട്രോഫി വള്ളംകളി ആരംഭിച്ചതോടെ മത്സരത്തിന് തീവ്രതയേറി. ഓളപ്പരപ്പിലെ സുന്ദര നൗകകള്‍ക്ക് സൗന്ദര്യം അല്പം കുറഞ്ഞുപോയെങ്കിലും കുട്ടനാടല്‍ ചുണ്ടന്റെ 'സ്​പീഡ്' ലോകമെങ്ങും കീര്‍ത്തി പരത്തി. കൊള്ളിമീന്‍ പോലെ, ചാട്ടുളി പോലെ, കരിനാഗം പോലെ തുടങ്ങിയ വേഗത്തിന്റെ വാക്പ്രയോഗങ്ങള്‍ കുട്ടനാടന്‍ ചുണ്ടനെ ചുറ്റിനിന്നു. ഇന്ന് ജലോത്സവങ്ങളെല്ലാം മത്സരവള്ളംകളികളായിക്കഴിഞ്ഞു.