എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Friday, October 26, 2012

തല്ലിക്കൊഴിക്കരുത്, കുട്ടനാടിന്‍റെ പ്രതീക്ഷകള്‍

കേരളത്തിന്‍റെ നെല്ലറ എന്ന അപരനാമമുള്ള കുട്ടനാട് നാശോന്മുഖമായിട്ട് പതിറ്റാണ്ടുകളായി. കായല്‍ രാജാക്കന്മാരും ഭൂപ്രഭുക്കന്മാരും കുത്തകയാക്കി വച്ചിരുന്ന കൂറ്റന്‍ പാടശേഖരങ്ങള്‍ ഒരുകാലത്ത് കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷയുടെ പത്തായപ്പുരകളായിരുന്നു. ചൂഷണവും കായല്‍ കൈയേറ്റങ്ങളും അടിമപ്പണിയും കൊടികുത്തിയ നാളുകളില്‍ രൂപം കൊണ്ട പ്രക്ഷോഭങ്ങളുടെ വേലിയേറ്റത്തില്‍ കുത്തക ഭൂപ്രഭുക്കള്‍ ഒലിച്ചുപോയി. ലോകപ്രശസ്ത നെല്ലറകളായിരുന്ന റാണി, ചിത്തിര, മാര്‍ത്താണ്ഡം ഉള്‍പ്പെടെയുള്ള പാടശേഖരങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇവ ഇടത്തരം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കൈമാറി. തത്വദീക്ഷയില്ലാതെയുള്ള രാസവള പ്രയോഗവും കീടനാശിനി പ്രയോഗവും കുട്ടനാടിനെ കെട്ടനാടാക്കി മാറ്റി. വെള്ളത്തിലും കരയിലും പലതരം രോഗാണുക്കള്‍ വ്യാപകമായി. അതീവഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു പോലും ഇത് ഇടവരുത്തി.

അച്ചന്‍കോവില്‍, പമ്പ, മണിമല, മീനച്ചില്‍ നദികളുടെ ഡെല്‍റ്റയാണ് കുട്ടനാടിനെ ഫലഭൂയിഷ്ഠമാക്കുന്നത്. വളക്കൂറുള്ള ചെളിയില്‍ ചിറകെട്ടിയും ചക്രം ചവിട്ടിയുമൊക്കെയായിരുന്നു പണ്ടുകാലത്തുള്ള കൃഷിയിറക്കല്‍. പിന്നീട് ജലനിയന്ത്രണം യന്ത്രവത്കൃതമാക്കി. കനാലുകളും ചെറു തോടുകളും നിര്‍മിച്ച് വെള്ളം ഒഴുക്കിവിട്ടായിരുന്നു കൃഷിയിറക്ക്. കായലിലും ആറ്റുവക്കിലും കൂറ്റന്‍ ബണ്ടുകള്‍ തീര്‍ത്ത് വെള്ളക്കെട്ടുകള്‍ സംരക്ഷിച്ചു നിര്‍ത്തി. എന്നാല്‍ വര്‍ഷകാലങ്ങളിലെ പ്രളയവെള്ളത്തില്‍ ബണ്ടുകള്‍ തകര്‍ന്നൊലിക്കുന്നത് നിത്യസംഭവമായി. മടവീഴ്ച സര്‍വവ്യാപകമായി. അനേകായിരം ഹെക്റ്റര്‍ പാടശേഖരങ്ങളിലെ നെല്‍ക്കൃഷി പ്രളയത്തില്‍ മുങ്ങി പതിരായി. വര്‍ഷാവര്‍ഷം ആവര്‍ത്തിച്ചുപോന്ന ഈ കൊടും ദുരിതത്തിനുള്ള പ്രതിവിധിയാണ് വിഖ്യാതമായ കുട്ടനാട് പാക്കെജ്.

ലോകപ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനായ എം.എസ്. സ്വാമിനാഥന്‍ നേതൃത്വം നല്‍കുന്നത് റിസെര്‍ച്ച് ഫൗണ്ടേഷനാണ് പാക്കെജിന്‍റെ സ്രഷ്ടാക്കള്‍. കേരളത്തിന്‍റെ സമഗ്ര കാര്‍ഷിക പുരോഗതിയും കുട്ടനാടിന്‍റെ അത്യുത്പാദന മികവുമാണ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ നിര്‍ദിഷ്ട കുട്ടനാടന്‍ പാക്കെജിലൂടെ ലക്ഷ്യംവച്ചത്. 2008 ജൂലൈ 24ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഈ സമഗ്ര പദ്ധതിക്ക് ഒട്ടാകെ 1840 കോടി രൂപ അടങ്കലുണ്ട്. തകര്‍ന്നടിഞ്ഞുപോയ കുട്ടനാടിനെ കരകയറ്റാന്‍ ഈ പദ്ധതിയും അതിനുവേണ്ടി നീക്കിവച്ച വിഹിതവും ഏറെക്കുറെ മതിയാവുമായിരുന്നു. ഏറെ ഉപകരിക്കപ്പെടുമായിരുന്ന ഈ പദ്ധതിയുടെ പൂര്‍ത്തീകരണം സംബന്ധിച്ച് കുട്ടനാട്ടിലെ കര്‍ഷകര്‍ കണ്ട സ്വപ്നം പക്ഷേ, ഇനിയും പൂവണിഞ്ഞില്ല. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ഒച്ചിനെ തോല്‍പ്പിക്കുന്ന വേഗത്തിലാണ് പദ്ധതിയുടെ നിര്‍വഹണം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മുന്തിയ രണ്ടു കേന്ദ്ര മന്ത്രിമാരും ഒരു മുഖ്യമന്ത്രിയും രണ്ടു സംസ്ഥാന മന്ത്രിമാരും ഒരു കേന്ദ്ര സഹമന്ത്രിയുമൊക്കെ സംഭാവന ചെയ്ത ജില്ലയാണ് ആലപ്പുഴ. ഈ ജില്ലയില്‍ ഉള്‍പ്പെട്ട കുട്ടനാടിന്‍റെ സ്പെഷ്യല്‍ പാക്കെജ് പക്ഷേ, മൂന്നുവര്‍ഷമായി ചുവപ്പുനാടയില്‍ കുടുങ്ങിയിട്ടും ഇവര്‍ക്കാര്‍ക്കും ഒരു ദണ്ഡവും തോന്നിയില്ല. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ കുട്ടനാട് പാക്കെജ് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് മുന്‍കൈയെടുത്താണു പാക്കെജ് നടപ്പാക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയത്. മുടങ്ങിക്കിടന്ന പദ്ധതിയുടെ നിര്‍മാണ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പണി പുരോഗമിക്കുന്നതോടൊപ്പം വ്യാപകമായ അഴിമതിക്കഥകളും പുറത്തുവന്നു തുടങ്ങി. കോള്‍പാടങ്ങളെ ഓരുവെള്ളത്തില്‍ നിന്നു രക്ഷപെടുത്താന്‍ പുറംബണ്ട് നിര്‍മിക്കുന്ന ജോലിയാണ് ഇപ്പോള്‍ കാര്യമായി പുരോഗമിക്കുന്നത്. അതാവട്ടെ വന്‍ ക്രമക്കേടുകളിലേക്ക് നീങ്ങുന്നുന്നൊണു സൂചന. ചില സ്വകാര്യ വ്യക്തികളുടെയും അവരുടെ റിസോര്‍ട്ടുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെയും സുരക്ഷയാണു നിര്‍ദിഷ്ട കുട്ടനാട് പാക്കെജിന്‍റെ ആകെത്തുകയെന്ന് ഇതിനകം തന്നെ ശക്തമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. സ്ഥലം എംപിയും എംഎല്‍എയും തമ്മില്‍പ്പോലും തുറന്ന പോരിന് ഇതു കളമൊരുക്കി.

താരതമ്യേന ദുര്‍ബലമായ ബണ്ടുകളാണ് എംഎസ്എസ്ആര്‍എസ് ശുപാര്‍ശ ചെയ്തതെന്നാണ് ഒരു ആക്ഷേപം. സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയിലേക്കാണ് നയിക്കുന്നതെന്ന ആക്ഷേപവും എത്രയും പ്രസക്തം.

കുട്ടനാട്ടിലെ ജനങ്ങളുടെ ഏറെക്കാലത്തെ പ്രതിഷേധത്തിന്‍റെയും പ്രക്ഷോഭത്തിന്‍റെയും പരിണത ഫലമാണ് കുട്ടനാട് പാക്കെജ്. ഒരു പ്രത്യേക പ്രദേശത്തിന്‍റെ സമഗ്ര വികസനത്തിനും സംരക്ഷണത്തിനും ശാസ്ത്രീയമായ ഉപയോഗത്തിനും സംസ്ഥാനത്തു ലഭിക്കുന്ന ഏറ്റവും വലിയ തുകയാണു കുട്ടനാട് പാക്കെജിന് അനുവദിച്ചു കിട്ടിയത്. അതാവട്ടെ കൊടിയ അഴിമതിയിലേക്കാണു നയിക്കുന്നത് എന്ന വസ്തുത കുട്ടനാട്ടുകാരെ മാത്രമല്ല, കേരളത്തിന്‍റെ പുരോഗതി ആഗ്രഹിക്കുന്ന ഏതൊരാളെയും നിരാശപ്പെടുത്തും. കുട്ടനാട് പാക്കെജിനു പിന്നില്‍ നടക്കുന്ന ഏത് അഴിമതിയും സ്വന്തം കഞ്ഞിക്കലത്തില്‍ മണ്ണുവാരിയിടുന്നതിനു സമമാണ്. അങ്ങനെയൊരു ഹീനകൃത്യം ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. കുട്ടനാട് പാക്കെജ് സംബന്ധിച്ച് ഇതിനോടകമുയര്‍ന്നുവന്ന മുഴുവന്‍ അഴിമതികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവട്ടെ. ഒച്ചിന്‍റെ വേഗതയില്‍ ഇഴയുന്ന കുട്ടനാട് പാക്കെജ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കുട്ടനാടിന്‍റെ മാത്രമല്ല, കാര്‍ഷിക കേരളത്തിന്‍റെ മുഴുവന്‍ സ്വപ്നവും പ്രതീക്ഷയുമാണ് ഈ പാക്കെജ്. അതു തല്ലിക്കെടുത്താന്‍ ആരെയും അനുവദിച്ചുകൂടാ. ജനങ്ങളും സര്‍ക്കാരും അതിനു കൂടുതല്‍ ജാഗ്രത പാലിച്ചേ മതിയാവൂ.

2 comments:

  1. കുട്ടനാടന്റെ വികാരം പങ്കുവയ്ക്കുന്നു.പാക്കേജ് നടപ്പായാലും ഇല്ലെങ്കിലും ജയന് എഴുത്തിൽ ഭാവിയുണ്ട്.

    ReplyDelete
    Replies
    1. വളരെ നന്ദി രമേഷ്സുകുമാരന്‍ മാഷേ ....

      Delete