എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Friday, May 10, 2013

വഞ്ചിപ്പാട്ട്

അമ്മ മലയാളം (വഞ്ചിപ്പാട്ട്)

അമ്പത്തൊന്നും നീയേ ദേവീ അമ്മേ മലയാളഭാഷേ

അമ്പൊടു കുമ്പിട്ടു ഞങ്ങള്‍ വണങ്ങിടുന്നേന്‍

അക്ഷരദീപാവലിയാലര്‍ച്ചനചെയ്യുന്നേനമ്മേ

അക്ഷയതേജസ്സായുള്ളിലുദിച്ചിടേണം

ഇക്കാണായ മഹാവൃക്ഷത്തുഞ്ചത്തുപണ്ടുദിച്ചോരു

ചക്കാലനായര്‍തന്‍ കിളി പാടിയ പാട്ടും

കൊഞ്ചിപ്പാടും ചെറുശ്ശേരി,തുള്ളിപ്പാടും കുഞ്ചന്‍‍‍‍‍‍ നമ്പ്യാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

വഞ്ചിപ്പാട്ടായ് കുതിച്ചെത്തുമൂര്‍ജജപ്രവാഹം

കേളിയേറും കഥകളിമേളങ്ങളും, അഖിലരും

സ്വാതിതിരുനാളായ്ത്തീരും താരാട്ടുപാട്ടും

ബ്രഹ്മാവിഷ്ണുമഹേശ്വരരെന്നീവണ്ണം വാണിരുന്ന

സന്മതികളാകുമാശാനുള്ളൂര്‍ വള്ളത്തോള്‍

മേലേമേലേ വിലസുന്ന നൂറുനൂറു കവികള്‍തന്‍

ഗാനഗംഗാപ്രവാഹത്തിലാറാടിക്കൊണ്ടേ

ചങ്ങമ്പുഴയാറ്റില്‍നീന്തി,ഇടശ്ശേരിത്തോറ്റംചൊല്ലി,

വൈലോപ്പിള്ളിപ്പാടംകൊയ്തുവരുന്നു ഞങ്ങള്‍

ഓടക്കുഴലും കയറും ദേശത്തിന്റെ കഥകളും

കൂടല്ലൂര്‍പെരുമകളും ഭൂമിതന്നുപ്പും

പാലക്കാട്ടെ പനങ്കാറ്റും കാ‍ഞ്ഞങ്ങാട്ടെ ചന്ദനവും

കടമ്മനിട്ടക്കാവിലെ കാട്ടാളച്ചിന്തും

തിരുവില്വാമലയിലെ ചിരിപ്പൂരങ്ങളും നല്ല

തലയോലപ്പറമ്പിലെ വിശേഷങ്ങളും

കേട്ടും വായിച്ചും പഠിച്ചും പേര്‍ത്തും പേര്‍ത്തുമാസ്വദിച്ചും

കൂട്ടരൊത്തു ചര്‍ച്ചചെയ്തും വളര്‍ന്നോര്‍ ഞങ്ങള്‍

ഞങ്ങളുടെ വാക്കുകളില്‍ നന്മയായിട്ടിരിക്കണം

അമ്മമലയാളം മാനത്തമ്പിളിപോലെ

അഞ്ചുവട്ടമിന്ത്യയുടെ സാഹിത്യചെങ്കോലെടുത്ത

വഞ്ചിനാട്ടിന്‍ തമ്പുരാട്ടി ജയിക്ക നീളേ

No comments:

Post a Comment