എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Friday, May 10, 2013

സോളാര്‍ പവര്‍


സോളാര്‍ എനര്‍ജി പവർ പ്ലാന്റുകൾ എങ്ങിനെ തിരഞ്ഞെടുക്കാം?

ഇന്‍ഡ്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ നല്ലൊരു കൂട്ടം ആളുകള്‍ സോളാര്‍ പവര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ കാലത്ത് പല
പലതരത്തിലുള്ളതും തലത്തിലുള്ളതുമായ അവകാശവാദങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള പൊള്ളയായ പരസ്യങ്ങൾ ദിവസേനയെന്നോണം കാണുമ്പോൾ ഉപഭോക്താവിന് ആശയകുഴപ്പമുണ്ടാവുക സ്വാഭാവികമാണ്‌. ശ്രദ്ധിക്കാതേയും വിലയിരുത്താതേയും സാമാന്യം വിലയുള്ള സോളാർ പവർ പ്ലാന്റുകൾ സ്ഥാപിച്ചാൽ സാമ്പത്തിക നഷ്ടത്തിനുപുറമെ വീടിനുമുകളിലെ നല്ലൊരു സ്ഥലവും നഷ്ടമാകും.

ആദ്യമായി സൂചിപ്പിക്കാനുള്ളത്, ഇലക്ട്രിസിറ്റി ബില്ല് ലാഭിക്കാനായി മാത്രം സോളാർ പ്ലാന്റുകൾ സ്ഥാപിക്കരുതെന്നാണ്, സാമാന്യം വിലയുള്ള സോളാർ പവർ പ്ലാന്റിനായി മുടക്കുന്ന തുക ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി നൽകിയാൽ ലഭിക്കുന്ന വരുമാനം കൊണ്ട് ഇലക്ട്രിസിറ്റിബില്ല് അടക്കാനാവുമെന്നതാണ് കാരണം.

ഔദ്യോഗികവും അനൌദ്യോഗികവുമായ ലോഡ് ഷെഡ്ഡിങ്ങടക്കം പല സമയങ്ങളിലും വൈദ്യുതിലഭിക്കാത്ത കേരളത്തിലെ വീടുകൾക്ക്, ഒരു പരിധിവരെയെങ്കിലും ഇലക്ട്രിസിറ്റിൽ സ്വയം പര്യാപ്തത കൈവരിക്കുക; കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റിയിൽ നിന്നും സ്വതന്ത്രരവുക എന്നതിനൊക്കെ പുറമെ, ജലസ്രോദസ്സുകളെ പ്രധാനമായും ഡിപ്പെൻഡ് ചെയ്യുന്ന കേരള വൈദ്യുത മേഖലയെ രക്ഷിക്കുക, പരിസ്ഥിതിയേയും ഭൂമിയേയും സംരക്ഷിക്കുക എന്ന വിശാല ഉദ്ദേശമായിരിക്കണം സോളാർ പവർ പ്ലാന്റ് സ്വന്തമായി സ്ഥാപിക്കാൻ പോകുന്ന ഉപഭോക്താവ് ലക്ഷ്യം വെക്കേണ്ടത് അങ്ങിനെയാവുമ്പോൾ അത് തിരഞ്ഞെടുപ്പിൽ കുറച്ചുകൂടി ശ്രദ്ധചെലുത്താൻ ഉപഭോക്താവിന് സാധിക്കും.

സോളാർ പവർ പ്ലാന്റിന്റെ കപാസിറ്റി

വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന സർവ്വതും സോളാർ പവറിൽ പ്രവർത്തിപ്പിക്കാമെങ്കിലും, സാമാന്യം നല്ല വിലയുള്ളതും കപ്പാസിറ്റിക്കനുബന്ധമായി കൂടുന്നതുമാണ് സോളാർ പവർ പ്ലാന്റുകളുടെ വില.

അതുകൊണ്ട്തന്നെ ഏതൊക്കെ ഉപകരണങ്ങളാണ് സോളാർ പവറിൽ പ്രവർത്തിക്കേണ്ടതെന്ന ഒരു ധാരണ ആദ്യമേയുണ്ടായാൽ കൃത്യമായ കപ്പാസിറ്റിയിലുള്ള പ്ലാന്റ് തിരഞ്ഞെടുക്കാൻ സാധിക്കും. ഉദാഹരണത്തിന്, എ.സി (എയർ കണ്ടീഷൻ), പമ്പുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉൾപ്പെടുത്തി സോളാർ പവർ പ്ലാന്റിന്റെ കപ്പാസിറ്റി കൂട്ടുന്നതിനേക്കാൾ ലൈറ്റ്, ഫാന്, ടി.വി. തുടങ്ങിയവ മാത്രം പ്രവർത്തിപ്പിക്കാനായി സോളാർ പവർ പ്ലാന്റുകൾ തിരഞ്ഞെടിക്കുന്നതാണ് ഉത്തമം.

അതുപോലത്തന്നെ, കൂടുതൽ ഉപകരണങ്ങൾ കൂട്ടുന്നതിനേക്കാൾ അത്യാവശ്യം ഉപകരണങ്ങൾ ഉൾപ്പെടുത്തുകയും കൂടുതൽ സമയം സോളാർ പവർ ലഭ്യമാക്കത്തതുമായ പ്ലാന്റുകൾ തിരഞ്ഞെടുക്കുന്നതാൺ കേരളം പോലുള്ള വൈദ്യുതി പലപ്പോഴും തടസ്സപ്പെടുന്നിടത്തേക്ക് നല്ലത്. ഉദാഹരണത്തിനു് ആയിരം വാട്ട് വൈദ്യുതി ഏഴുമണിക്കൂർ ലഭ്യമാക്കുന്ന സോളാർ പവർ പ്ലാന്റാണ് രണ്ടായിരം വാട്ട് വൈദ്യുതി മൂന്നുമണിക്കൂർ മാത്രം ലഭ്യമാക്കുന്ന സോളാർ പ്ലാന്റിനേക്കാളുത്തമം.

ഇതൊക്കെയാണെങ്കിലും ഉപഭോക്താവിന്റെ കഴിവനുസരിച്ച് സോളാർ പവർ പ്ലാന്റിന്റെ കപ്പാസിറ്റി തീരുമാനിക്കാം.ഒരു ശുപാർശയായിട്ട് സൂചിപ്പിച്ചാൽ, ഉപഭോക്താവ് തിരഞ്ഞെടുത്ത കപാസിറ്റി വൈദ്യുതി ഏഴോ എട്ടോ മണിക്കൂർ നേരം ലഭ്യമാക്കുന്ന സോളാർ പ്ലാന്റ് വാങ്ങിക്കുകയാവും നല്ലത്.


ബാക്കപ്പ് ടൈം

സോളാർ പവർ പ്ലാന്റ് ദിവസത്തിൽ എത്ര മണിക്കൂർ സമയം തിരഞ്ഞെടുത്ത കപ്പാസിറ്റിയിലുള്ള വൈദ്യുതി ലഭ്യമാകും എന്നാണിത് കാണിക്കുന്നത്. ഉദാഹരണത്തിന്, 1000 വാട്ട് പവർ / ബാക്ക് അപ്പ് ടൈം ഏഴുമണിക്കൂർ എന്നുപറഞ്ഞാൽ; ദിവസം ഏഴുമണിക്കൂർ സമയം 1000W വൈദ്യുതി സൌരോർജ്ജത്തിൽ നിന്നും ഉത്പാദിപ്പിച്ച് ലഭ്യമാക്കും.


കപ്പാസിറ്റിയും, ബാക്കപ്പ് ടൈമും തീരുമാനിച്ചുകഴിഞ്ഞതിനു ശേഷം ഒരു ഉപഭോക്താവിനത് വാങ്ങിക്കാനായി സോളാർ കമ്പനികളെ സമീപിക്കാം. ഇനിയാണ് ഉപഭോക്താവായ നിങ്ങൾ വഞ്ചിക്കപ്പെടാനുള്ളതെല്ലാമിരിക്കുന്നത്.

വാങ്ങിക്കേണ്ട കപ്പാസിറ്റിയും ബാക്കപ് ടൈമും അറിയീച്ചാൽ മോഹവിലയോടെ പല ഉറപ്പുകളുമായും സെയിത്സ് മാൻ നിങ്ങളെ സമീപിക്കും. നിങ്ങൾക്ക് തരാൻ പോകുന്ന സോളാർ പവർ പ്ലാന്റിന്റെ ഓരോ ഘടകങ്ങളും വിലയിരുത്താതെ സെയിത്സ് മാൻ തന്ന ‘ഉറപ്പിൽ’ സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചാൽ, തീരെ പ്രവർത്തിക്കാത്തതോ അപൂർണ്ണമായി പ്രവർത്തിക്കുന്നതോ ആയ നില്ല നിറത്തിലുള്ള കുറച്ച് ഗ്ലാസ്സ് ഫ്രെയിമുകളാവും നിങ്ങളുടെ ടെറസ്സിൽ ഇരിക്കുന്നത്.

സോളാർ കമ്പനി ഓഫർ ചെയ്യുന്ന പ്ലാന്റ് നിങ്ങളുടെ ഉപകരണങ്ങൾ, ബാക്കപ്പ് ടൈം വരെ പ്രവർത്തിക്കാൻ പര്യാപ്തമാണോ എന്ന് കാറ്റലോഗിൽ നോക്കി സ്വയം കണക്കുകൂട്ടിയോ അല്ലെങ്കിൽ സോളാർ കമ്പനിയിലെ ആളുകളോട് തന്നെ കണക്കുകൂട്ടി പറഞ്ഞുതരാനോ ആവശ്യപ്പെടുക.

സോളാർ പവർ പ്ലാന്റിന്റെ ഘടകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.

സോളാര്‍ പാനലുകള്‍ കൺസ്ട്രക്ഷൻ (നിർമ്മിതി)

സൂര്യപ്രകാശത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കു സോളാര്‍ പാനലുകളാണ് സോളാർ പവർ പ്ലാന്റിന്റെ പ്രധാന ഘടകം. പ്രധാനമായും മൂന്ന് വിഭാഗത്തിലുള്ള സോളാർ പാനലുകളാണുള്ളത്, മോണോ ക്രിസ്റ്റലൈന്‍ , പോളി ക്രിസ്റ്റലൈന്‍, തിൻ ഫിലിം. ഇവയിൽ പ്രവർത്തന ക്ഷമത കുറഞ്ഞതിനാൽ തിൻ ഫിലിം വിഭാഗമൊഴിച്ച് മറ്റ് രണ്ട് വിഭാഗമാണ് സാധാരണ സോളാർ പവർ പ്ലാന്റിനൊപ്പം ലഭിക്കുക. നിർമ്മിതിയിലെ വ്യത്യാസമാണ് തരം തിരിവിനാധാരം.

സാധാരണ രീതിയിൽ കറുപ്പ് നിറത്തിലാണ് മോണോ വിഭാഗത്തെ കാണുക, പ്രവർത്തന ക്ഷമത മോണോവിഭാഗത്തിന് പോളിയെ അപേക്ഷിച്ച് കൂടുതലാണ്, വിലയും മോണോ ക്രിസ്റ്റലൈൻ വിഭാഗത്തിനാണ് കൂടുതൽ.

ഏറ്റവും ചുരുങ്ങിയത് മുപ്പത് വർഷം ഉപയോഗിക്കേണ്ട, വെയിലും മഴയും കൊള്ളേണ്ട ഒന്നാണ് സോളാർ പാനലുകൾ അതുകൊണ്ടുതന്നെ ഗുണനിലവാരത്തിൽ നിർമ്മിക്കപ്പെട്ടതാണോ എന്നുറപ്പുവരുത്തൽ വളരെ പ്രധാനമാണ്. കാഴ്ചയിൽ തന്നെ നിലവാരമുള്ള പാനലുകൾ തിരിച്ചറിയാനാവും. അലുമിനിയം കൊണ്ട് ഷാർപ്പ് മൂലകളില്ലാതെ ഉണ്ടാക്കിയ ഫ്രെയിമിലുള്ള പാനലുകൾ നല്ലതാണ്‌.

പാനൽ ഫ്രെയിമുകളുടെ മൂലകൾ ഷാർപ്പായി പൊന്തിനിൽക്കുന്നതാണെങ്കിൽ ആഭാഗത്ത് പൊടിയും ചെളിയുമൊക്കെ തടഞ്ഞുനിന്ന് പാനലുകളിൽ സൂര്യപ്രകാശം തട്ടാതെ പൂർണ്ണ കപ്പാസിറ്റിയിൽ വൈദ്യുതി ഉതപാദിപ്പിക്കാതിരിക്കാൻ സാധ്യതയുണ്ട്. കോർണ്ണറുകൾ ഷാർപ്പല്ലെങ്കിൽ മഴവെള്ളവും മറ്റും തങ്ങിനിൽക്കാതെ ഒഴുകുന്നതിനാൽ ഷാർപ്പില്ലാത്ത കോർൺറുകളുള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

സോളാർ പാനലുകൾ - പവർ

വൈദ്യുതി ഉത്പാദിക്കാനുള്ള ശേഷിയുടെ അടിസ്ഥാനത്തിൽ പല വാട്ട് പവറിലാണ് സോളാർ പാനലുകള്‍ ലഭിക്കുന്നത്, ഉദാഹരണം 10, 50, 200, 250 W അങ്ങിനെ പോകുന്നു. നിങ്ങൾ വഞ്ചിക്കപ്പെടാനുള്ള മറ്റൊരു സാഹചര്യമാണിവിടെയുള്ളത്. നിങ്ങൾ വാങ്ങിക്കാൻ പോകുന്ന സോളാർ പവർ പാനലുകളുടെ കപ്പാസിറ്റിയുടെ ആകെത്തുകയായിരിക്കണം പ്ലാന്റിന്റെ കപ്പാസിറ്റി എന്നുറപ്പുവരുത്തേണ്ടത് ഏറ്റവും അടിസ്ഥാനമായ സംഗതിയാണ്.

അതായത് ആയിരം വാട്ടിന്റെ ഒരു സോളാര്‍ പവര്‍ പ്ലാന്‍റ്റില്‍ 250 വാട്ടിന്റെ നാലു സോളാർ പാനലുകളോ 200W പവറിന്റെ അഞ്ച് സോളാർ പാനലുകളോ ഏറ്റവും ചുരുങ്ങിയത് ഉണ്ടായിരിക്കണം. എന്നാൽ, സോളാർ പവർ പാനലുകളിൽ സൂചിപ്പിച്ച പവർ യഥാർത്ഥത്തിൽ ലഭിക്കില്ല എന്നുകൂടി മനസ്സിലാക്കുക, അതായത് 250W പവർ എന്ന് എഴുതിയിരിക്കുന്ന സോലാർ പാനൽ ശെരിയായ അർത്ഥത്തിൽ 250W പവറിൽ കുറവ് വൈദ്യുതിയേ ഉത്പാദിപ്പിക്കൂ അങ്ങിനെ വരുമ്പോൾ, 1000W സോളാർ പവർ പ്ലാന്റിന് 200W ന്റെ അഞ്ചു പാനലുകളോ 250W ന്റെ നാലുപാനലുകളോ മതിയാവില്ലെന്ന് ചുരുക്കം.

വിശദമാക്കാം: 250W എന്നടയാളപ്പെടുത്തിയിരിക്കുന്ന സോളാർ പാനൽ സത്യത്തിൽ 250W വൈദ്യുതി തരിക STC ( Standard Testing Condition) ൽ മാത്രമാണ്. STC ഇ പ്രധാനം രണ്ട് പരാമീറ്ററുകൾക്കാണ്, ടെമ്പറേച്ചർ, സോളാർ രശ്മിയുടെ ശക്തി ; 25 ഡിഗ്രി ചൂടും 1000W/sq.m സൂര്യപ്രകാശത്തിന്റെ ശക്തി. 250W സോളാർ പവർ പ്ലാന്റ് നമ്മുടെ കാലാവസ്ഥയിൽ 250W ൽ കുറവ് വൈദ്യുതോർജ്ജമേ ഉത്പാദിപ്പിക്കൂ. എത്ര ഉത്പാദിപ്പിക്കും എന്നത് കണ്ടുപിടിക്കുന്നത് സോളാർ പാനലുകളിൽ തന്നെ അടയാളപ്പെടുത്തിയ പരാമീറ്റർ നോക്കി കണ്ട് പിടിക്കാം.

ടെമ്പെറെച്ചര്‍ കോയിഫിഷ്യന്റ്

250 W എന്നെഴുതിരിക്കുന്ന ഒരു സോളാർ പാനൽ 250 W വൈദ്യുതി ഉത്പാദിപ്പിക്കുക 25 ഡിഗ്രി സെന്റിഗ്രേഡിലാണ്. സൂര്യപ്രകശത്തിലിരിക്കുന്ന സോളാർ പാനലിന്റെ ചൂട് കൂടുന്നതനുസരിച്ച് അതുത്പാദിപ്പിക്കുന്ന വൈദ്യുതിയിലും കുറവുവരും, എത്ര കുറവെന്നത് Temperature Coeff, താപവുമനുസരിച്ചിരിക്കും. ഒരേകദേശ കണക്കായി 35 ഡിഗ്രി ചൂടിൽ സൂര്യപ്രകാശം കൊണ്ടിരിക്കുന്ന സോളാർ പാനൽ, നാല്പത്തഞ്ചു ഡിഗ്രി ചൂടിൽ പ്രവർത്തിക്കുകയാണെങ്കിൽ 20XTemperature Coeff വാട്ട് പവർ 250 W ൽ നിന്നും കുറവുമാത്രമേ ലഭിക്കുകയുള്ളൂ.

പവർ ടോളറൻസ്

സോളാർ പാനലുകൾ യഥാർത്ഥത്തിൽ എത്ര വൈദ്യുതി ലഭ്യമാക്കും എന്ന് കണ്ടെത്താനാവുന്ന മറ്റൊരു parameter ആണിത്. എല്ലാ സോളാർ പാനലുകളിലും ഇത് സൂചിപ്പിച്ചിരിക്കും, ഉദാഹരണത്തിന് 250 W സോളാർ പാനലിൽ എഴുതിയിരിക്കുക 250+- 5% ( എന്നോ +3%) എന്നോ ഒക്കെ ആയിരിക്കും, നിർമ്മിക്കുന്നതിന്റേയും മറ്റും നിലവാരമനുസരിച്ച് ഇതിൽ വ്യത്യാസവും വരും.

ഇതിനർത്ഥം 250 വാട്ട് സോളാർ പാനലിൽ നിന്നും 237.5 വാട്ടോ അല്ലെങ്കിൽ 262.5 വാട്ടോ ലഭിച്ചേക്കാം എന്നാണ്. അത്യാധുനികമായ സാങ്കേതികത്തോടെ നിലവാരത്തിൽ നിർമ്മിച്ച പാനൽ നിർമ്മാതാക്കൾ Positive Power Tolerance അതായത് + മാത്രം നൽകുന്നവരുണ്ട്, ഉദാഹരണത്തിന് 250+ 0 / 3% അതായത് . അത്തരം സോളർ പാനലുകൾ 250 W ഓ 257.5 വാട്ടോ ഉറപ്പുനൽകുന്നു അതായത് ഏറ്റവും ചുരുങ്ങിയത് എഴുതിയ 250 W power out put തരുന്നെന്നർത്ഥം.

വാറണ്ടി

ഉപഭോക്താവ് ആശയകുഴപ്പത്തിലാവാൻ സാധ്യതയുള്ള മറ്റൊരു വിഷയമാണിത്.
അടിസ്ഥാനപരമായി സിലിക്കൺ കൊണ്ട് നിർമ്മിച്ചതിനാൽ കാലപ്പഴക്കം കൊണ്ട് കേടുവരുന്ന ഒന്നല്ല സോളാർ പാനലുകൾ, അതുകൊണ്ടുതന്നെ 25വർഷം വാറണ്ടി എന്ന് മാത്രം പറയുന്നതിൽ ചില ചതികൾ ഒളിഞ്ഞുകിടപ്പുണ്ട്.

കാലപ്പഴക്കം കൊണ്ട് സോളാർ പാനലിന്റെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കഴിവിനാണ് കുറവുവരിക അല്ലാതെ പാനലുകൾ അമ്പതുവർഷം കഴിഞ്ഞാലും കാണാൻ ഒരുപോലിരിക്കാം.

ഇന്ന് സ്ഥാപിക്കുന്ന 250വാട്ട് പവറ് തരുന്ന ഒരു സോളാർ പാനൽ രണ്ടുവർഷം കഴിഞ്ഞാൽ അത്രയും തരണമെന്നില്ല. നിർമ്മിക്കാനുപയോഗിച്ച അടിസ്ഥാന പദാർത്ഥങ്ങളുടെ ഗുണനിലവാരവും, നിർമ്മിതിക്കുപയോഗപ്പെടുത്തുന്ന സാങ്കേതികതയേയും അടിസ്ഥാനപ്പെടുത്തിയാണ് എത്ര ശതമാനം കുറവുവരുമെന്നതിനടിസ്ഥാനമിരിക്കുന്നത്.

നിര്‍മ്മാണത്തിന്റെ പല ഘട്ടങ്ങളിലും പലതരത്തിലുമുള്ള ഗുണനിലവാരങ്ങളനുസരിച്ച് പാനലുകളുടെ അടിസ്ഥാന ഘടകമായ സെല്ലുകളുടെ നിലവാരം നാലായി ( അനൌദ്യോഗികമായി) തിരിച്ചിട്ടുണ്ട്. ഈ പല നിലവാരത്തിലുമുള്ള സെല്ലുകൾ കൊണ്ടുണ്ടാക്കുന്ന സോളാർ പാനലുകള്‍ കാലപ്പഴക്കം കൂടുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലും വ്യത്യാസപ്പെട്ടിരിക്കും; ഇവിടെയാണ്‍ വാറണ്ടിയുടെ മറിമായങ്ങളിരിക്കുന്നത്.

ഇരുപത്തഞ്ചുവര്‍ഷം വാറണ്ടി എന്നല്ല, 25 വര്ഷം കഴിഞ്ഞാല്‍ എത്ര ശതമാനം പവര്‍ തരുമെന്നതിനാണ്‍ വാറണ്ടി നല്‍കേണ്ടത്. 25 വർഷം കഴിഞ്ഞാൽ 80% പവർ തരും എന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് പത്തുവര്‍ഷമോ അഞ്ചു വര്ഷമോ കഴിഞ്ഞാൽ എത്ര ഔട്ട് പുട്ട് പവർ തരുമെന്ന് സൂചിപ്പിക്കുന്നതാണ്. അതുപോലെ ചുരുങ്ങിയ കാലയളവിൽ എത്ര പവർ തരുമെന്ന് സൂചിപ്പിക്കുന്ന കമ്പനികളുടെ സോളാർ പാനലുകളാൺ ഉത്തമം.

വിശദമാക്കാം; 80% Power output @ 25 വര്ഷം എന്നുപറയുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്, 90% Power output @ 5 വര്ഷം എന്നോ 10 വര്ഷം എന്നോ പറയുന്ന സോളാർ പാനലാവും.

100% Power output @ 10 വര്ഷത്തേക്ക് വാറണ്ടി കൊടുക്കുന്ന അത്യാധുനിക സോളാർ പാനലുകളും ഇന്ന് മാർക്കെറ്റിൽ ഉണ്ട്. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാനലുകള്‍ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളായി.

ഇന്‍വേര്‍ട്ടർ

തന്റെ വീട്ടിലുള്ള ഇൻ‌വേർട്ടറുകൾ സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിച്ചുകൂടേ എന്നത് മിക്ക ഉപഭോക്താക്കൾക്കുമുള്ള ഒരു സംശയമാണ്. സോളാർ ഇൻ‌വേർട്ടർ കരുതുന്നതുപോലെ വെറുമൊരു ഇൻ‌വേർട്ടറല്ല, അതിനൊപ്പം സോളാർ പവർ ചാർജിങ്ങ് കണ്ട്രോൾ ചെയ്യാനുള്ളതെല്ലാം അടങ്ങിയ ഒന്നാണ്.

ഇൻ‌വേർട്ടറുകളിൽ പ്രധാനമായും നോക്കേണ്ടത് രണ്ടുകാര്യമാണ്, ഒന്ന് കപ്പാസിറ്റി രണ്ട് വേവ് ഫോം.
പ്രവർത്തിപ്പിക്കേണ്ട ഉപകരണങ്ങളുടെ പവറിന്റെ ആകെത്തുകയായിരിക്കണം സോളാർ കമ്പനി ഓഫർ ചെയ്യുന്ന ഇൻ‌വേർട്ടറിന്റെ കപ്പാസിറ്റി. വേവ്ഫോം Pure Sine wave ആകുന്നതാണുത്തമം.

ബാറ്ററി

ബാറ്ററിയുടെ കപ്പാസിറ്റിയാണ് സോളാർ പവർ പ്ലാന്റിൽ പ്രവർത്തിക്കാനായുൾപ്പെടുത്തിയ ഉപകരണങ്ങൾ നിശ്ചിത ബാക്കപ്പ് ടൈം നിശ്ചയിക്കുന്നത്.

പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നത് ബാറ്ററിയുടെ കപ്പാസിറ്റി മാത്രമാണ്. അതുകൊണ്ടുതന്നെ കപ്പാസിറ്റിയാണ് മുഖ്യമായും ബാറ്ററി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. സൂര്യപ്രകാശത്തിന്റെ അളവനുസരിച്ച് കൂടിയും കുറഞ്ഞും ചാര്ജ്ജ് ചെയ്യുകയും തുടര്ച്ചയായി റീചാര്ജ്ജ് ചെയ്യുകയും ചെയ്യുന്നതിനാല്‍ ഡീപ് ഡിസ്ചാര്ജിങ്ങ് ടൈപ്പ് ബാറ്ററികളാണ് സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിക്കേണ്ടത്. സോളാർ കമ്പനി ഓഫർ ചെയ്യുന്ന ബാറ്ററി സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിക്കാൻ പറ്റുന്നതാണോ,

കപ്പാസിറ്റിയനുസരിച്ച് ബാക്കപ് ടൈം ലഭ്യമാകുമോ എന്ന രണ്ടുവിഷയങ്ങൾ ശ്രദ്ധിച്ചാൽ മതിയാവും. കാര്‍ ബാറ്ററികൾ, നിലവിൽ ഉപയോഗിക്കുന്ന ബാറ്ററികൾ സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിച്ചാൽ മുകളിൽ സൂചിപ്പിച്ച ച്ഛാർ‌ജിങ്ങ് ഡിസ്ചാർ‌ജിച്ച് മൂലം അധികകാലം പ്രവർത്തിക്കില്ല.

സോളാർ പ്ലാന്റിനൊപ്പം നൽകുന്ന ബാറ്ററിയുടെ കപ്പാസിറ്റിയിൽ , സോളാർ പവർ പ്ലാന്റ് അതിന്റെ പൂർണ്ണ കപ്പാസിറ്റിയിൽ നിശ്ചിത ബാക്കപ്പ് സമയം പ്രവർത്തിക്കാനാവുമോ എന്നത് മനസ്സിലാക്കാൻ ചില അടിസ്ഥാന കണക്കുകളിഞ്ഞാൽ മാത്രം മതി.

ഒന്നുകിൽ സ്വന്തമായോ അല്ലെങ്കിൽ സോളാർ കമ്പനികളോടോ പ്രസ്തുത കണക്ക് പറഞ്ഞുതരാൻ ആവശ്യപ്പെടുക. ഈ കപ്പാസിറ്റി ശെരിയല്ലാത്ത പക്ഷം ഒന്നുമനസ്സിലാക്കുക, നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് സോളർ പവറിലല്ല കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റിയിൽ തന്നെയാണ്!

വിലകുറവില്‍ സോളാര്‍ പ്ലാന്റുകള്‍ ഓഫര്‍ ചെയ്യുന്ന പരസ്യകമ്പനികളോട് മുകളിൽ സൂചിപ്പിച്ച കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കി കൃത്യമായി സർ‌ട്ടിഫിക്കറ്റുകളുള്ളവ വാങ്ങിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക, പരസ്യക്കെണിയില്‍ വീഴാതിരിക്കുക, നല്ല സോളാര്‍ പാനലുകൾക്ക് നല്ല വില കൊടുക്കണം ആരുകുറവില്‍ തരുന്നുവോ ശ്രദ്ധിക്കുക അതിലെന്തോ ഒളിഞ്ഞുകിടപ്പുണ്ട്.

No comments:

Post a Comment