എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Friday, September 21, 2012

പ്രതാപം വീണ്ടെടുക്കാന്‍ പുളിങ്കുന്ന്

ആലപ്പുഴ: പണിതിറക്കിയ വര്‍ഷംതന്നെ നെഹ്രുട്രോഫി നേടിയ ചരിത്രമാണ് പുളിങ്കുന്ന് ചുണ്ടന്. ചുണ്ടന്‍വള്ളങ്ങളുടെ രാജശില്പി കോഴിമുക്ക് നാരായണനാചാരി പണിത് നീറ്റിലിറക്കിയ ആദ്യത്തെ ചുണ്ടനെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രധാനപ്പെട്ട ജലോത്സവങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്ന ഈ ചുണ്ടന്‍ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

പുളിങ്കുന്നുകാര്‍ക്ക് പണ്ടുമുതലുണ്ടായിരുന്ന മാത്തുക്കുട്ടി വള്ളം വിറ്റാണ് പുളിങ്കുന്നുകാര്‍ 1966ല്‍ ചുണ്ടന്‍ നിര്‍മിച്ചത്. പച്ചത്തടിയില്‍തന്നെ നെഹ്രുട്രോഫി അതേവര്‍ഷം നേടുകയും ചെയ്തു. തുടര്‍ന്ന് 1967ലും ട്രോഫി നേടി. പീന്നീട് ഒരുവര്‍ഷം കല്ലൂപറമ്പനുമായി ട്രോഫി പങ്കുവച്ചു. ഇതിനുശേഷം നാല് പ്രാവശ്യം കൂടി ചുണ്ടന്‍ നെഹ്രുട്രോഫി സ്വന്തമാക്കി. ചുണ്ടന്‍ ആദ്യം നിര്‍മിക്കുന്നത് 16 പേര്‍ ചേര്‍ന്ന് ഓഹരിയെടുത്താണ്. ഇപ്പോള്‍ 150 പേരുടെ ഓഹരിയുണ്ട്. നീറ്റിലിറങ്ങിയ വര്‍ഷം പച്ചത്തടിയായിട്ടും ട്രോഫി നേടിയതാണ് പുളിങ്കുന്ന് ചുണ്ടനെ വ്യത്യസ്തമാക്കുന്നത്. പച്ചത്തടിയാകുമ്പോള്‍ വള്ളത്തിന് ഭാരം കൂടുതലാണ്.

2010ല്‍ ചുണ്ടന്‍ പുതുക്കിപ്പണിത് നിറ്റിലിറക്കി. 19 ലക്ഷം രൂപ ചെലവഴിച്ച് രണ്ടുവര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത് . ഇത്തവണ ദേവമാത ബോട്ട് ക്ലബ്ബാണ് നെഹ്രുട്രോഫിയില്‍ തുഴയുന്നത്. നാല്പത് മീറ്റര്‍ നീളമുള്ള ചുണ്ടനില്‍ 90 തുഴക്കാര്‍, ഒമ്പത് നിലക്കാര്‍, അഞ്ച് പങ്കായക്കാര്‍ എന്നിവര്‍ക്ക് കയറാം. പ്രിയദര്‍ശനി ബോട്ട് പുളിങ്കുന്നിന്റെ നിയന്ത്രണത്തിലാണ് ചുണ്ടന്റെ പരിപാലനം. ജിജോ തോമസ് നെല്ലുവേലില്‍ (പ്രസി.), ഗ്രഗറി ജോര്‍ജ് കണ്ണാറത്തില്‍( സെക്ര.), വിക്രമന്‍ നായര്‍ (ഖജാ.) എന്നിവരാണ് ഭാരവാഹികള്‍.

No comments:

Post a Comment