എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Sunday, September 16, 2012

കുട്ടനാടിന്റെ ചരിത്രം

കേരളത്തിലെ നാലു പ്രധാന നദികളായ പമ്പ, മണിമല, അച്ചന്‍കോവില്‍ , മീനച്ചില്‍ എന്നിവയും വേമ്പനാട്ടുകായലും ചേര്‍ന്നു രൂപം നല്‍കിയ ഡെല്‍റ്റാപ്രദേശമാണ് കുട്ടനാട്. ആലപ്പുഴ , കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഭൂവിഭാഗത്തിന്റെ മൊത്തം വിസ്തൃതി 870 ചതുരശ്ര കിലോമീറ്ററാണ്. കുട്ടനാടിന്റെ അതിരുകള്‍ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട് , കാര്‍ത്തികപ്പള്ളി , മാവേലിക്കര താലൂക്കുകളിലും, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുമായി ആകെ 79 റവന്യൂ വില്ലേജുകള്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടുന്നതായി കണക്കാക്കുന്നു.
കുട്ടനാടിന്റെ ഉത്പത്തിയെക്കുറിച്ച് പല കേട്ടുകേള്‍വികളുമുണ്ട്. അതില്‍ മുഖ്യം ചുട്ടനാട് പ്രായേണ കുട്ടനാട് ആയി മാറി എന്നതാണ്. അതായത് ചരിത്രകാലഘട്ടങ്ങളില്‍ നിബിഢവനമായിരുന്ന ഈ പ്രദേശം, കാട്ടുതീ പോലെയുള്ള കാരണങ്ങളാല്‍ ചുട്ടെരിക്കപ്പെട്ടു എന്നും പിന്നീട് ഈ പ്രദേശം സമുദ്രത്താല്‍ ആവൃതമായിപ്പോയി എന്നും കാലാന്തരത്തില്‍ സമുദ്രം പിന്‍വാങ്ങിയപ്പോള്‍ അവശേഷിച്ച പ്രദേശമാണ് ഇന്നുകാണുന്ന കുട്ടനാട് എന്നുമാണ് കുട്ടനാടന്‍ നിലങ്ങളിലെ ഉയര്‍ന്ന ജൈവാംശവും , കുട്ടനാട്ടിലെ പല സ്ഥലങ്ങളിലും പ്രത്യേകിച്ചും കരിനിലങ്ങളില്‍ , മണ്ണില്‍ കാണപ്പെടുന്ന കറുത്ത മരങ്ങളുടെ അവശിഷ്ടങ്ങളും ചുട്ടനാടാണ് പിന്നീട് കുട്ടനാട് ആയതെന്ന അറിവിലേക്ക് വിരല്‍ ചൂണ്ടുന്നു.
എന്നാല്‍ , കുട്ടന്റെ നാട് ആണ് കുട്ടനാട് ആയതെന്നാണ്, കുട്ടനാട് എന്ന വാക്കിന്റെ ഉത്പത്തിയെക്കുറിച്ചുള്ള മറ്റൊരു മതം. കുട്ടന്‍ എന്നത് ശ്രീബുദ്ധന്റെ തദ്ദേശീയമായ വിളിപ്പേരാണ് എന്നും കരുമാടിയിലുള്ള കരുമാടിക്കുട്ടന്‍ എന്ന ബുദ്ധവിഗ്രഹത്തിന്റെ സാന്നിദ്ധ്യം ഈ വിശ്വാസത്തെ സാധൂകരിക്കുന്നുവെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
അതെന്തായാലും, ചരിത്രപരമായി, കേരളത്തിലെ പുരാതന തുറമുഖങ്ങളായിരുന്ന വയസ്ക്കര (കോട്ടയം ജില്ല) കടപ്ര (പത്തനംതിട്ട ജില്ല), വാഴപ്പള്ളി (ചങ്ങനാശ്ശേരിക്കു സമീപം) നക്കഡ ( തിരുവല്ലയ്ക്കു സമീപം) എന്നിവ കുട്ടനാടിന്റെ ഭാഗമായിരുന്നു എന്നും ഇവ പിന്നീട് തുറമുഖങ്ങളല്ലാതായതില്‍ നിന്നും സമുദ്രം ഈ ഭാഗങ്ങളില്‍നിന്നും പിന്‍വാങ്ങിയ ശേഷവും ലോവര്‍ കുട്ടനാടന്‍ പ്രദേശങ്ങള്‍ ജലനിമാനമായിത്തന്നെ തുടര്‍ന്നു. ആഴംകുറഞ്ഞ പ്രദേശങ്ങളില്‍ രണ്ടടിയും ആഴം കൂടിയ പ്രദേശങ്ങളില്‍ ഏഴ് അടിവരെയും പൊക്കത്തിലായിരുന്നു ലോവര്‍ കുട്ടനാട്ടിലെ ജലനിരപ്പ്.
സഞ്ചാര ചരിത്രകാരന്മാരായിരുന്ന ടോളമി, പ്ലീനി മുതലായവരുടെ രചനകളില്‍ കുട്ടനാടിനെ കൊറ്റനാര എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. കുട്ടനാട്ടിലെ പ്രാചീന തുറമുഖങ്ങളായിരുന്ന ബരാകെ (ഇപ്പോഴത്തെ പുറക്കാട്), നക്കഡ (തിരുവല്ലക്കു സമീപം) എന്നിവിടങ്ങളില്‍നിന്നും വന്‍തോതില്‍ കുരുമുളക് കയറ്റി അയച്ചിരുന്നതായി ഇവരുടെ സഞ്ചാരരേഖകള്‍ സൂചിപ്പിക്കുന്നു.
എ.ഡി. ഒന്നാം ശതകത്തില്‍ കേരളം അഞ്ച് ഭൂപ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരുന്നതായി ചരിത്രം. ഇവ വേണാട്, കുട്ടനാട്, കടനാട്, പൂഴിനാട് , കാര്‍ക്കനാട്, എന്നിവയാണ്. ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന കുട്ടനാടിന്‍റെ വിസ്തൃതി കൊല്ലം മുതല്‍ കൊച്ചിവരെയായിരുന്നു. എഡി ഒന്നാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെ കുട്ടനാട് ഭരിച്ചിരുന്നത് താരതമ്യേന ദുര്‍ബ്ബലരായ ആയ് രാജവംശമാണെന്ന് പറയപ്പെടുന്നു. എന്നാല്‍, കുട്ടനാടിന്റെ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത് ചമ്പകശ്ശേരി രാജാക്കന്മാരുടെ ഭരണകാലമാണ്. ഈ കാലഘട്ടത്ത് കലാ-സാംസ്കാരിക, രംഗങ്ങളിലും സാമ്പത്തികമായും കുട്ടനാട് അഭിവൃദ്ധി പ്രാപിക്കപ്പെട്ടു. ചെമ്പകശ്ശേരി രാജാക്കന്മാര്‍ ബ്രാഹ്മണരായിരുന്നു എന്നും, ഇപ്രകാരമുള്ള ഒരേയൊരു രാജവംശം ഇതായിരുന്നു എന്നും ചരിത്രമതം.

No comments:

Post a Comment