എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Thursday, July 25, 2013

ആറന്മുള വള്ളസദ്യ

ആറന്മുള വള്ളസദ്യ; നാടിന്റെ പ്രണാമം


ആറന്മുള പാര്‍ഥസാരഥിക്ഷേത്രത്തിലെ പ്രധാന വഴിപാടായ ആറന്മുള വള്ളസദ്യക്ക് നാടൊരുങ്ങുന്നു. July 31-ാം തിയ്യതിയാണ് തുടക്കം. വള്ളസദ്യ വഴിപാടുകള്‍ ഒക്‌ടോബര്‍ 2 വരെ നടക്കും. സന്താനലബ്ധിക്കും സര്‍പ്പദോഷത്തിനും അഭീഷ്ട കാര്യസിദ്ധിക്കുമാണ് ആറന്മുളക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാട് സമര്‍പ്പിക്കുന്നത്.ഭഗവാന്‍ കൃഷ്ണന് ഉണ്ണികളുമായുള്ള ഇഷ്ടമാണ് സന്താനലബ്ധിക്കായി വഴിപാട് നടത്തുന്നതിന് പിന്നിലെ വിശ്വാസം. തിരുവോണനാളില്‍ തിരുവോണസദ്യ വിഭവങ്ങളുമായെത്തുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്ന പമ്പയുടെ ഇരുകരകളിലെ കരനാഥന്‍മാര്‍ നിര്‍മ്മിച്ച പള്ളിയോടങ്ങളുടെ അനന്തശായിയായ മഹാവിഷ്ണു സങ്കല്‍പ്പം എന്നതിനാലാണ് ഭക്തര്‍ സര്‍പ്പദോഷ പരിഹാരത്തിനായി വള്ളസദ്യ വഴിപാട് ആറന്മുളയില്‍ സമര്‍പ്പിക്കുന്നതെന്നും ഐതിഹ്യമുണ്ട്.പാണ്ഡവ -കൗരവയുദ്ധത്തില്‍ അര്‍ജ്ജുനന്റെ തേരാളിയായിരുന്ന ഭഗവാന്‍ കൃഷ്ണന്‍, എതിര്‍പക്ഷത്ത് അണിനിരന്ന ബന്ധുജനങ്ങളെക്കണ്ട് വില്ലെടുക്കാനാകാതെ പകച്ചുനിന്ന അര്‍ജ്ജുനന് ഗീതോപദേശം നല്‍കാനായി മനസ്സുതുറന്ന സമയത്തെ പാര്‍ഥസാരഥീ സങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠയില്‍ പ്രാര്‍ഥിച്ചാല്‍ അഭീഷ്ടകാര്യസിദ്ധി ചോദിച്ചാല്‍ ലഭിക്കും എന്ന വിശ്വാസമാണ് ഈ വള്ളസദ്യ വഴിപാട് എന്ന ഐതിഹ്യത്തിന് പിന്നിലെന്നും ഭക്തര്‍ വിശ്വസിക്കുന്നു.ഭഗവല്‍സാന്നിധ്യമുള്ള ചുണ്ടന്‍വള്ളങ്ങള്‍ എന്ന ഐതിഹ്യം എന്നതിനാലാണ് ആറന്മുളയിലെ ചുണ്ടന്‍വള്ളങ്ങള്‍ക്ക് മാത്രം പള്ളിയോടങ്ങള്‍ എന്ന പേര് ലഭിച്ചത്.വള്ളസദ്യവഴിപാടുകള്‍ക്കായി വഴിപാടുകള്‍ വിളിച്ച് വരുത്തുന്ന കരനാഥന്‍മാര്‍ വിഭവങ്ങള്‍ ആദ്യകാലങ്ങളില്‍ വാമൊഴി ആയായിരുന്നു ചോദിച്ച് വാങ്ങിയിരുന്നത്.മറ്റ് സദ്യകളില്‍ നിന്ന് വിഭിന്നമായി 48 വിഭവങ്ങളാണ് വള്ളസദ്യയില്‍ വിളമ്പുന്നത്. ഈ വിഭവങ്ങള്‍ കൂടാതെ കരനാഥന്‍മാര്‍ വിഭവങ്ങള്‍ കടങ്കഥ രൂപത്തിലും പിന്നീട് ശ്ലോകങ്ങളുമായി ചോദിച്ചിരുന്നത്, ഏറെ നാളായി വഞ്ചിപ്പാട്ട് രൂപത്തിലാണ് പാടി ചോദിക്കുന്നത്. 'ഉണ്ണിയുണ്ടശേഷമുള്ള ചോറ് തന്നെ തന്നിടേണം' എന്ന് നതോന്നത താളത്തില്‍ 20 ഓളം വേറെ വിഭവങ്ങള്‍ കരനാഥന്‍മാര്‍പാടി ചോദിക്കാറുണ്ട്.വള്ളസദ്യ വഴിപാട് നടത്തുന്ന ഭക്തര്‍ ഒന്നോ അതിലധികമോ പള്ളിയോടങ്ങളെ അതതുകരകളിലെത്തി വെറ്റ, പുകയില നല്‍കി ആചാരപൂര്‍വ്വം വള്ളസദ്യയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കും.പാര്‍ഥസാരഥിക്ഷേത്രത്തില്‍ നിന്ന് പൂജിച്ചുനല്‍കുന്ന പള്ളിയോടത്തില്‍ ചാര്‍ത്താനുള്ള മാലയും പ്രസാദവും കരകളില്‍ കൊണ്ടുനല്‍കിപള്ളിയോട കടവില്‍ നിന്ന് യാത്രയാക്കുന്ന പള്ളിയോടങ്ങള്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തുമ്പോള്‍ താലപ്പൊലി, അഷ്ടമംഗല്യം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ കരക്കാരെ സ്വീകരിച്ച് ക്ഷേത്രകൊടിമരച്ചുവട്ടിലെത്തിച്ച് ഭഗവാനും പള്ളിയോടത്തിനും നിറപറ വഴിപാട് സമര്‍പ്പിക്കും.തുടര്‍ന്ന് ഭഗവല്‍കീര്‍ത്തനം പാടി പ്രദക്ഷിണം വയ്ക്കുന്ന കരക്കാര്‍ വഴിപാടുകാരന്റെ ക്ഷണം സ്വീകരിച്ച് ഊട്ടുപുരയിലെത്തി വള്ളസദ്യയില്‍ പങ്കെടുക്കുമ്പോള്‍ കരക്കാര്‍ക്കൊപ്പം ഭഗവാന്‍ പാര്‍ഥസാരഥിയും വള്ളസദ്യയില്‍ പങ്കുചേരുമെന്നാണ് വിശ്വാസം.വള്ളസദ്യ കഴിച്ച് തൃപ്തരായ കരക്കാര്‍ കൊടിമരച്ചുവട്ടിലെ നെല്‍പ്പറ തളിച്ച് വഴിപാടുകാരന് ഭഗവല്‍കടാക്ഷം ഉണ്ടാകാനായി പാടി പ്രാര്‍ഥിക്കുന്നു.പള്ളിയോടത്തിനുള്ള ദക്ഷിണ സ്വീകരിച്ച് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് യാത്രയാകുന്ന കരക്കാരെ ക്ഷേത്രക്കടവ് വരെ വഴിപാടുകാര്‍ ഉപചാരങ്ങളോടെ അനുഗമിച്ച് പള്ളിയോടത്തിലേറ്റി കരക്കാരെ യാത്രയാക്കുന്നതോടെ വള്ളസദ്യ വഴിപാട് സമാപിക്കും.