എന്നെ തേടി വന്ന പ്രീയ സുഹൃത്തിനു ഒരായിരം നന്ദി ..... വീണ്ടും വരികാ ...!

Thursday, September 27, 2012

വിദ്യാഭ്യാസ വകുപ്പിന്റെ കോപ്പി അടി


                               ഫേസ് ബുക്കില്‍ ഉള്ള  ഫലിതങ്ങളിലൊന്നാണെന്ന് ധരിക്കാന്‍ വരട്ടെ. ....
 വിദ്യാര്‍ഥികളുടെ ‘ബഹുമുഖ’ അറിവ് അളക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പ്ളസ്വണ്‍ പരീക്ഷയുടെ ചോദ്യമാണിത്. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ മലയാളം ചോദ്യപേപ്പറിലാണ് ഏഴാമത്തെ ചോദ്യമായി ‘തറ ടിന്‍റുമോന്‍ ഫലിതം’ സ്ഥാനം പിടിച്ചത്. അവിടം കൊണ്ടും വിദ്യാഭ്യാസ വകുപ്പിന്‍െറ ‘ഫലിതം’ തീരുന്നില്ല. അധ്യാപകനെ പൊട്ടാ എന്ന് വിളിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു.

കുട്ടികളുടെ കഴിവുകള്‍ വളര്‍ത്താന്‍ എന്തെല്ലാം സാഹിത്യങ്ങളും, വിഷയങ്ങളും ഉണ്ട്...
ഇവര്‍ വിദ്യാഭ്യാസം വിദ്യ ആഭാസമാക്കും..!!!
 എന്നാലും  ബ്ലോഗ്‌  എഴുതുന്ന  ചേട്ടന്‍ മാരുടെ ശ്രദ്ധയ്ക്ക്‌  സ്കൂള്‍  പഠിത്തം എല്ലാം കഴിഞ്ഞു എന്ന് കരുതി ചുമ്മാതെയിരിക്കെണ്ടാ .. ഇടയ്ക്ക്  ഇടയ്ക്ക്  അടുത്തുള്ള വീട്ടിലെ  കുട്ടികളുടെ  ചോദ്യ  പേപ്പര്‍
വാങ്ങി വായിച്ചു നോക്കിക്കോ .. ചിലപ്പോള്‍ നിങ്ങളുടെ  സൃഷ്ട്ടികളും  കാണും .....!!!!
ഒരു കാര്യം ഉറപ്പാ ...
നമ്മുടെ  വിദ്യാഭ്യാസ  വകുപ്പും  ഫേസ് ബുക്കും തമ്മില്‍  നല്ല ബന്ധം  ഉണ്ട് ......
എങ്ങനെ ഉള്ള ചോദ്യം  ആകുംപ്പോള്‍  ആരും   കൈയും, കാലും, വെട്ടില്ലല്ലോ ...

Saturday, September 22, 2012

നശിക്കട്ടെ എല്ലാം.... ഒപ്പം ഞാനും


         
ലോകത്ത് എവിടെയൊക്കെ ആണവ നിലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോ അവിടങ്ങളിലൊക്കെ അപകടങ്ങളുമുണ്ടായിട്ടുണ്ട്.അപകടങ്ങള്‍ അത് അവസാനിക്കുന്നതൊടെ അവസാനിക്കുമെങ്കില്‍ ആണവ അപകടങ്ങളുടെ പ്രത്യേകത അത് ചരിത്രകാലങ്ങളോളം നിലനില്‍ക്കുമെന്നതാണ്.

1986 ഏപ്രില്‍ 26 ന് റഷ്യയിലെ ചെര്‍ണോബിലും 2011 മാര്‍ച്ച് 11ന് ജപ്പാനിലെ ഫുക്കുഷിമയിലും ഉണ്ടായ ദുരിതങ്ങള്‍ ഇന്നും അവസാനിക്കാതെ തുടരുന്നു.പ്രധാനമായും ലോകത്ത് ആണവ റിയാക്ടറുകളില്‍ അപകടം ഉണ്ടായിട്ടുള്ളത് പ്രകൃതി ക്ഷോഭങ്ങളോ മനുഷ്യരുടെ അബദ്ധങ്ങളോ മൂലമാണ്.

2004ല്‍ സുനാമി തകര്‍ത്തെറിഞ്ഞ കുളച്ചല്‍, കന്യാകുമാരി പ്രദേശങ്ങള്‍ക്ക് തൊട്ടടുത്താണ് കൂടംകുളം. 1986ല്‍ ആണവോര്‍ജവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ തീരത്ത് സുനാമി സാധ്യത നിലനില്‍ക്കാത്തതിനാല്‍ കൊടുങ്കാറ്റില്‍നിന്നുള്ള ഭീഷണിമാത്രം കണക്കിലെടുത്താല്‍മതി എന്നാണ് പറഞ്ഞിരുന്നത്.

2001ല്‍ കൂടംകുളം നിലയങ്ങള്‍ നിര്‍മാണം ആരംഭിച്ചു. 2004ലെ സുനാമി ആക്രമണം ഏത് സര്‍ക്കാറിനെയും മാറ്റി ചിന്തിപ്പിക്കേണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് സുനാമിഭീഷണിയും പരിഗണിച്ചിരുന്നു എന്നും കൂടംകുളം സുരക്ഷിതമാണെന്ന് കണ്ടെത്തി എന്നുമാണ്.
    
         കൂടംകുളവും തിരുവനന്തപുരവും തമ്മിലുള്ള അകലം കേവലം 79 ആകാശമൈല്‍ മാത്രം. കേരള അതിര്‍ത്തിയിലേയ്ക്കാണെങ്കിലോ വെറും 26 കിലോ മീറ്ററും.ഈ ആണവ നിലയങ്ങള്‍ വരുന്നത് നമുക്ക് അപകടമോ  എന്ന് ചിന്തിച്ചാല്‍  മനസിലാകും . തീര്‍ച്ചയായും എപ്പോഴും പൊട്ടാവുന്ന ഒരാറ്റംബോംബ് തന്നെയാണ് കൂടംകുളത്ത് ഉയര്‍ന്നിരിക്കുന്നത്
.
പട്ടി­ണി­പ്പാ­വ­ങ്ങ­ളായ നാ­ട്ടു­കാര്‍ തങ്ങ­ളു­ടെ നാ­ട്ടില്‍ നി­ന്ന് ഈ അത്യാ­പ­ത്ത് ഒഴി­വാ­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­ണ് സ്വ­ന്തം ജീ­വന്‍­പോ­ലും ത്യ­ജി­ക്കാന്‍ തയ്യാ­റാ­യി­രി­ക്കു­ന്ന­ത്.
  എന്തിനു  കൂടുതല്‍ പറയുന്നു എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷതിനോട്    നമ്മുടെ  കേന്ദ്ര സര്‍കാരിനുള്ള  സ്നേഹത്തിന്റെ ഒരു കണിക പോലും  രാജ്യത്തെ  ജനങ്ങളോട്  ഉണ്ടോ ??????

 മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആഴത്തിലുള്ള പരിക്കുണ്ടാക്കുമെന്ന് തെളിഞ്ഞിട്ടും എഴുപതോളം രാജ്യങ്ങളില്‍ നിരോധിക്കുകയുംചെയ്തിട്ടുള്ള കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍.


സ്വഭാവ വൈകല്യങ്ങള്‍, ബുദ്ധിവികാസം കുറഞ്ഞ അവസ്ഥ, തല വലുതാവുന്ന അവസ്ഥ, (സൈനബയുടെ കേസ് ഇതാണ്), ബുദ്ധിമാന്ദ്യം, നാഡീ വ്യവസ്ഥയിലെ- തലച്ചോറിലെ തകരാറുമൂലമുള്ള അന്ധത, അപസ്മാരവും അനുബന്ധ രോഗങ്ങളും, പാര്‍ക്കിന്‍സന്‍സ് രോഗം തുടങ്ങിയ അവസ്ഥകളുള്ളവരാണ് കൂടുതല്‍. ഇതിനൊരു കാരണമുണ്ട്. എന്‍ഡോസള്‍ഫാന്‍ തലച്ചോറിലെ GABA ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കും. എന്നു പറഞ്ഞാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌കത്തിലെ Pre frontal cortex എന്നു പറയുന്ന ഒരു ഭാഗമുണ്ട്. ഇതിന്റെ വികാസത്തിന് GABA ന്യൂറോട്രാന്‍സ്മിറ്റര്‍ വളരെ ആവശ്യമാണ്. അതാണ് ഇല്ലാതാവുന്നത്. അതുകൊണ്ട് മസ്തിഷ്‌ക വികാസം വേണ്ടതുപോലെ നടക്കില്ല.

കാസര്‍കോടിന്റെ ദുരന്തത്തെ നേരിട്ട്  കണ്ടിട്ടും  അവിടത്തെ ശാസ്ത്രീയമായ  തെളിവുകള്‍  കണ്ടിട്ടും കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ രാജ്യത്ത്  നിരോധിക്കാന്‍  തയ്യാര്‍  ആകുന്നില്ല

റഷ്യ­യു­ടെ സഹ­ക­ര­ണ­ത്തോ­ടെ­യാ­ണ് കൂടംകുളം­ പദ്ധ­തി വി­ഭാ­വ­നം ചെ­യ്ത് നട­പ്പി­ലാ­ക്കു­ന്ന­ത്. യു­എ­ന്നി­ലെ ഇന്ത്യ­യു­ടെ സ്ഥി­രാം­ഗ­ത്വ­മോ­ഹ­ത്തി­ന് ഈ കൂട്ടുകെട്ട്  ഉപകരിക്കും എന്ന് റഷന്‍ സന്ദര്‍­ശ­ന­ത്തില്‍ പ്രധാന മന്ത്രിക്കു റഷ­യു­ടെ ഉറ­പ്പും കിട്ടി  പിന്നെ എന്ത് വേണം .

പ്രതിബദ്ധത ജനങ്ങളോടല്ല ആണവക്കമ്പനികളോടാണ് എന്നതിന് ഇതിലും വലിയ തെളിവ്  ആവശ്യമുണ്ടോ ? കൂടംകുളം 


Friday, September 21, 2012

എന്റെ ദുഃഖം

നിങ്ങള്‍ എന്നോട് ഏറ്റവും അധികം
പറയുന്നത് നിശബ്ദനായിരിക്കാനാണ്…
പക്ഷെ,
ഈ നിശബ്ദത എന്നെ
തടവുകാരനക്കുന്നു.
തണുത്ത പകലുകളെക്കാള്‍
ഞാന്‍ ഇഷ്ടപെട്ടത്
നീ വരുന്ന രാത്രികളെയായിരുന്നു.
പതിനാലുഇഞ്ചു കമ്പ്യൂട്ടര്‍ സ്ക്രീനിലെ
വളരെ ചെറിയ ചാറ്റ് വിന്‍ഡോയിലൂടെ
നീ എന്നെ നുണക്കള്‍ കൊണ്ട്
തഴുകി,തലോടി.
ശെരിയും തെറ്റും പോലെ, ഒന്നും പൂജ്യവുമായി
നമുടെ വികാരങ്ങള്‍
നീഗൂഢമായ നിര്‍ജീവ ലോകത്തേക്ക്
പാറി പറന്നു.
പുതിയ ലോകം പറയുന്നു
“അകലമില്ല, എല്ലാം അടുത്താണെ”ന്.
എന്നിട്ടും
ഞാനിനും ഏകനാണ്.
എനിക്ക് തോന്നുന്നത്
അകലം കുറഞ്ഞപ്പോള്‍
അടുത്തിരുന്നത് പോലും എനിക്ക് അന്യമായി തീര്‍ന്നെന്നാണ്.
കൊടിയുടെ ചുവപ്പിനു
കരിമ്പനടിച്ചു തുടങ്ങിയപ്പോള്‍
അതു ചെറിയ യുവാക്കളുടെ രക്തം കൊതിച്ചു.
വിജയവും തോല്‍വിയും ആപേക്ഷികമായ
യുദ്ധത്തിന്റെ മുന്‍നിരയിലേക്ക്
അതവരെ പറഞ്ഞയച്ചു.
അവരുടെ ഹൃദയത്തില്‍ നിന്നും
രക്തം പുഴപോലെ ഒഴുകിയപ്പോള്‍
ആ പഴയ ചുവന്ന കൊടി പിന്നെയും
പാറി പറന്നു…
മുതല കണ്ണീരൊഴുക്കി, ആധുനിക പൈശാചികര്‍
ടീവി ക്യാമറക്കള്‍ക്ക്‌ മുന്‍പില്‍
നാണമില്ലാതെ കരഞ്ഞപ്പോള്‍
സ്വന്തമായുണ്ടായിരുന്ന വാക്കുക്കള്‍ പോലും
കടം കൊടുത്തു പഴയ മനുഷ്യര്‍..
അവര്‍ നിശബ്ധരായിരുന്നു,
കാരണം അതല്ലാതെ മറ്റൊന്നും
അവരെ പഠിപ്പിച്ചിരുന്നില്ല, ആരും.
ഉത്തരമില്ലാത്ത ചോദ്യം പോലെ
ചെറിയ യുവാക്കളുടെ ഹൃദയമില്ലാത്ത
ശരീരങ്ങള്‍ അവര്‍ക്ക് മുന്നില്‍ കിടന്നു…
രാത്രിയില്‍ വിജനമായ വഴികളിലൂടെ
ഒറ്റയ്ക്ക് നടക്കുമ്പോള്‍
ഞാന്‍ എന്നും പ്രാര്‍ത്ഥിച്ചിരുന്നു,
ആത്മാവില്ലാത്ത മൊബൈല്‍ ഫോണിന്റെ ആത്മാവായി നീ
അടുത്തെത്തിയിരുന്നെങ്കിലെന്നു.
എത്ര നിരര്‍ത്ഥകമായ പ്രാര്‍ത്ഥന!
നീ എന്നും സ്വയം തീര്‍ത്ത തടവറയുടെ
സുരക്ഷിതത്വത്തിലായിരുന്നല്ലോ..
ഈ ചെറിയ കാലത്തിനിടക്കെന്നും
നിനക്ക് വേണ്ടി യുദ്ധം ചെയുന്ന പോരാളിയുടെ
വേഷമായിരുന്നു എനിക്ക്.
മുറിവേല്‍പ്പിക്കപ്പെടുന്ന പോരാളി
എന്നും തോല്പിക്കപെടുന്ന പോരാളി.
ഹൃദയമേ, എന്നിലിരുന്നു
മറ്റുള്ളവര്‍ക്ക് വേണ്ടി തുടിക്കുന്ന നിനക്ക് ലജ്ജയില്ലേ?
നമ്മുടെ ജീവിതം എന്നും മറ്റുള്ളവര്‍ക്കു
ആശ്വാസം കണ്ടെത്താനുള്ള എന്തോ ഒന്നാണ്.
നമ്മുടെ ദുഃഖങ്ങള്‍,
അവരുടെ കണ്ണീരക്കറ്റനുള്ള വെറുമൊരു കാരണവും!
                  

പ്രതാപം വീണ്ടെടുക്കാന്‍ പുളിങ്കുന്ന്

ആലപ്പുഴ: പണിതിറക്കിയ വര്‍ഷംതന്നെ നെഹ്രുട്രോഫി നേടിയ ചരിത്രമാണ് പുളിങ്കുന്ന് ചുണ്ടന്. ചുണ്ടന്‍വള്ളങ്ങളുടെ രാജശില്പി കോഴിമുക്ക് നാരായണനാചാരി പണിത് നീറ്റിലിറക്കിയ ആദ്യത്തെ ചുണ്ടനെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രധാനപ്പെട്ട ജലോത്സവങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്ന ഈ ചുണ്ടന്‍ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

പുളിങ്കുന്നുകാര്‍ക്ക് പണ്ടുമുതലുണ്ടായിരുന്ന മാത്തുക്കുട്ടി വള്ളം വിറ്റാണ് പുളിങ്കുന്നുകാര്‍ 1966ല്‍ ചുണ്ടന്‍ നിര്‍മിച്ചത്. പച്ചത്തടിയില്‍തന്നെ നെഹ്രുട്രോഫി അതേവര്‍ഷം നേടുകയും ചെയ്തു. തുടര്‍ന്ന് 1967ലും ട്രോഫി നേടി. പീന്നീട് ഒരുവര്‍ഷം കല്ലൂപറമ്പനുമായി ട്രോഫി പങ്കുവച്ചു. ഇതിനുശേഷം നാല് പ്രാവശ്യം കൂടി ചുണ്ടന്‍ നെഹ്രുട്രോഫി സ്വന്തമാക്കി. ചുണ്ടന്‍ ആദ്യം നിര്‍മിക്കുന്നത് 16 പേര്‍ ചേര്‍ന്ന് ഓഹരിയെടുത്താണ്. ഇപ്പോള്‍ 150 പേരുടെ ഓഹരിയുണ്ട്. നീറ്റിലിറങ്ങിയ വര്‍ഷം പച്ചത്തടിയായിട്ടും ട്രോഫി നേടിയതാണ് പുളിങ്കുന്ന് ചുണ്ടനെ വ്യത്യസ്തമാക്കുന്നത്. പച്ചത്തടിയാകുമ്പോള്‍ വള്ളത്തിന് ഭാരം കൂടുതലാണ്.

2010ല്‍ ചുണ്ടന്‍ പുതുക്കിപ്പണിത് നിറ്റിലിറക്കി. 19 ലക്ഷം രൂപ ചെലവഴിച്ച് രണ്ടുവര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത് . ഇത്തവണ ദേവമാത ബോട്ട് ക്ലബ്ബാണ് നെഹ്രുട്രോഫിയില്‍ തുഴയുന്നത്. നാല്പത് മീറ്റര്‍ നീളമുള്ള ചുണ്ടനില്‍ 90 തുഴക്കാര്‍, ഒമ്പത് നിലക്കാര്‍, അഞ്ച് പങ്കായക്കാര്‍ എന്നിവര്‍ക്ക് കയറാം. പ്രിയദര്‍ശനി ബോട്ട് പുളിങ്കുന്നിന്റെ നിയന്ത്രണത്തിലാണ് ചുണ്ടന്റെ പരിപാലനം. ജിജോ തോമസ് നെല്ലുവേലില്‍ (പ്രസി.), ഗ്രഗറി ജോര്‍ജ് കണ്ണാറത്തില്‍( സെക്ര.), വിക്രമന്‍ നായര്‍ (ഖജാ.) എന്നിവരാണ് ഭാരവാഹികള്‍.

Sunday, September 16, 2012

കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ ...


കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടുവേണം കുഴല്‍ വേണം കുരവവേണം
വരവേക്കാനാളുവേണം കൊടി തോരണങ്ങള്‍ വേണം
വിജയ ശ്രീലാളിതരായ് വരുന്നു ഞങ്ങള്‍
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

കറുത്ത ചിറകുവെച്ചോരരയന്നക്കിളിപോലെ
കുതിച്ചു കുതിച്ചു പായും കുതിരപോലെ
തോല്‍വിയെന്തെന്നറിയാത്ത തലതാഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചുവന്നേ
പമ്പയിലെ പൊന്നോളങ്ങള്‍ ഓടിവന്നു പുണരുന്നു
തങ്കവെയില്‍ നെറ്റിയിന്മേല്‍ പൊട്ടുകുത്തുന്നു
തെങ്ങോലകള്‍ പൊന്നോലകള്‍ മാടിമാടി വിളിക്കുന്നു
തെന്നല്‍ വന്നു വെഞ്ചാമരം വീശിത്തരുന്നു.
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുനാള്
അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്
കരിമാടിക്കുട്ടനിന്നു പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന്‍തൂക്കം
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ....

കുട്ടനാടിന്റെ ചരിത്രം

കേരളത്തിലെ നാലു പ്രധാന നദികളായ പമ്പ, മണിമല, അച്ചന്‍കോവില്‍ , മീനച്ചില്‍ എന്നിവയും വേമ്പനാട്ടുകായലും ചേര്‍ന്നു രൂപം നല്‍കിയ ഡെല്‍റ്റാപ്രദേശമാണ് കുട്ടനാട്. ആലപ്പുഴ , കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഭൂവിഭാഗത്തിന്റെ മൊത്തം വിസ്തൃതി 870 ചതുരശ്ര കിലോമീറ്ററാണ്. കുട്ടനാടിന്റെ അതിരുകള്‍ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട് , കാര്‍ത്തികപ്പള്ളി , മാവേലിക്കര താലൂക്കുകളിലും, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുമായി ആകെ 79 റവന്യൂ വില്ലേജുകള്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടുന്നതായി കണക്കാക്കുന്നു.
കുട്ടനാടിന്റെ ഉത്പത്തിയെക്കുറിച്ച് പല കേട്ടുകേള്‍വികളുമുണ്ട്. അതില്‍ മുഖ്യം ചുട്ടനാട് പ്രായേണ കുട്ടനാട് ആയി മാറി എന്നതാണ്. അതായത് ചരിത്രകാലഘട്ടങ്ങളില്‍ നിബിഢവനമായിരുന്ന ഈ പ്രദേശം, കാട്ടുതീ പോലെയുള്ള കാരണങ്ങളാല്‍ ചുട്ടെരിക്കപ്പെട്ടു എന്നും പിന്നീട് ഈ പ്രദേശം സമുദ്രത്താല്‍ ആവൃതമായിപ്പോയി എന്നും കാലാന്തരത്തില്‍ സമുദ്രം പിന്‍വാങ്ങിയപ്പോള്‍ അവശേഷിച്ച പ്രദേശമാണ് ഇന്നുകാണുന്ന കുട്ടനാട് എന്നുമാണ് കുട്ടനാടന്‍ നിലങ്ങളിലെ ഉയര്‍ന്ന ജൈവാംശവും , കുട്ടനാട്ടിലെ പല സ്ഥലങ്ങളിലും പ്രത്യേകിച്ചും കരിനിലങ്ങളില്‍ , മണ്ണില്‍ കാണപ്പെടുന്ന കറുത്ത മരങ്ങളുടെ അവശിഷ്ടങ്ങളും ചുട്ടനാടാണ് പിന്നീട് കുട്ടനാട് ആയതെന്ന അറിവിലേക്ക് വിരല്‍ ചൂണ്ടുന്നു.
എന്നാല്‍ , കുട്ടന്റെ നാട് ആണ് കുട്ടനാട് ആയതെന്നാണ്, കുട്ടനാട് എന്ന വാക്കിന്റെ ഉത്പത്തിയെക്കുറിച്ചുള്ള മറ്റൊരു മതം. കുട്ടന്‍ എന്നത് ശ്രീബുദ്ധന്റെ തദ്ദേശീയമായ വിളിപ്പേരാണ് എന്നും കരുമാടിയിലുള്ള കരുമാടിക്കുട്ടന്‍ എന്ന ബുദ്ധവിഗ്രഹത്തിന്റെ സാന്നിദ്ധ്യം ഈ വിശ്വാസത്തെ സാധൂകരിക്കുന്നുവെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
അതെന്തായാലും, ചരിത്രപരമായി, കേരളത്തിലെ പുരാതന തുറമുഖങ്ങളായിരുന്ന വയസ്ക്കര (കോട്ടയം ജില്ല) കടപ്ര (പത്തനംതിട്ട ജില്ല), വാഴപ്പള്ളി (ചങ്ങനാശ്ശേരിക്കു സമീപം) നക്കഡ ( തിരുവല്ലയ്ക്കു സമീപം) എന്നിവ കുട്ടനാടിന്റെ ഭാഗമായിരുന്നു എന്നും ഇവ പിന്നീട് തുറമുഖങ്ങളല്ലാതായതില്‍ നിന്നും സമുദ്രം ഈ ഭാഗങ്ങളില്‍നിന്നും പിന്‍വാങ്ങിയ ശേഷവും ലോവര്‍ കുട്ടനാടന്‍ പ്രദേശങ്ങള്‍ ജലനിമാനമായിത്തന്നെ തുടര്‍ന്നു. ആഴംകുറഞ്ഞ പ്രദേശങ്ങളില്‍ രണ്ടടിയും ആഴം കൂടിയ പ്രദേശങ്ങളില്‍ ഏഴ് അടിവരെയും പൊക്കത്തിലായിരുന്നു ലോവര്‍ കുട്ടനാട്ടിലെ ജലനിരപ്പ്.
സഞ്ചാര ചരിത്രകാരന്മാരായിരുന്ന ടോളമി, പ്ലീനി മുതലായവരുടെ രചനകളില്‍ കുട്ടനാടിനെ കൊറ്റനാര എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. കുട്ടനാട്ടിലെ പ്രാചീന തുറമുഖങ്ങളായിരുന്ന ബരാകെ (ഇപ്പോഴത്തെ പുറക്കാട്), നക്കഡ (തിരുവല്ലക്കു സമീപം) എന്നിവിടങ്ങളില്‍നിന്നും വന്‍തോതില്‍ കുരുമുളക് കയറ്റി അയച്ചിരുന്നതായി ഇവരുടെ സഞ്ചാരരേഖകള്‍ സൂചിപ്പിക്കുന്നു.
എ.ഡി. ഒന്നാം ശതകത്തില്‍ കേരളം അഞ്ച് ഭൂപ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരുന്നതായി ചരിത്രം. ഇവ വേണാട്, കുട്ടനാട്, കടനാട്, പൂഴിനാട് , കാര്‍ക്കനാട്, എന്നിവയാണ്. ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന കുട്ടനാടിന്‍റെ വിസ്തൃതി കൊല്ലം മുതല്‍ കൊച്ചിവരെയായിരുന്നു. എഡി ഒന്നാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെ കുട്ടനാട് ഭരിച്ചിരുന്നത് താരതമ്യേന ദുര്‍ബ്ബലരായ ആയ് രാജവംശമാണെന്ന് പറയപ്പെടുന്നു. എന്നാല്‍, കുട്ടനാടിന്റെ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത് ചമ്പകശ്ശേരി രാജാക്കന്മാരുടെ ഭരണകാലമാണ്. ഈ കാലഘട്ടത്ത് കലാ-സാംസ്കാരിക, രംഗങ്ങളിലും സാമ്പത്തികമായും കുട്ടനാട് അഭിവൃദ്ധി പ്രാപിക്കപ്പെട്ടു. ചെമ്പകശ്ശേരി രാജാക്കന്മാര്‍ ബ്രാഹ്മണരായിരുന്നു എന്നും, ഇപ്രകാരമുള്ള ഒരേയൊരു രാജവംശം ഇതായിരുന്നു എന്നും ചരിത്രമതം.

നെഹ്രു കണ്ട കളി

കോട്ടയത്തുനിന്ന് 'ഡക്‌സ്' എന്ന സ്‌പെഷല്‍ ബോട്ടിലായിരുന്നു പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ വരവ്. അന്ന് കേരളത്തിലുള്ളതില്‍ ഏറ്റവും ആധുനിക ഉല്ലാസബോട്ടായിരുന്നു അത്. നെഹ്രുവിനൊപ്പം മകള്‍ ഇന്ദിരയും പേരക്കുട്ടികളായ രാജീവ്, സഞ്ജയ് എന്നിവരുമുണ്ട്.

മണ്‍റോ തുരുത്തില്‍ താത്കാലിക പവലിയന്‍ നിര്‍മിച്ചിരുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബോട്ട് ഷെഡ്ഡാണ് ഇന്ന് ഈ തുരുത്തില്‍. ബോട്ടില്‍നിന്ന് നെഹ്രുവും സംഘവും പവലിയനിലെ കസേരയില്‍ ഉപവിഷ്ടരായപ്പോള്‍ ഒരു മൈല്‍ വടക്ക് വേമ്പനാട് കായലില്‍ വെടിപൊട്ടി. അവിടെ ചുണ്ടന്‍വള്ളങ്ങള്‍ ഒന്നിച്ച് കുതിക്കാന്‍ കിടക്കുകയായിരുന്നു. പോലീസ് ഓഫീസര്‍ ഗോവിന്ദന്‍ തോക്കില്‍നിന്ന് വെടി പൊട്ടിച്ചതോടെ ചുണ്ടന്‍വള്ളങ്ങള്‍ കുതിപ്പുതുടങ്ങി. കളിയോടങ്ങള്‍ എവിടെയെന്ന് ചോദിച്ച് നെഹ്രു മേശപ്പുറത്ത് ചാടിക്കയറി. ആരോ കൊടുത്ത ബൈനോക്കുലറിലൂടെ ദൂരെനിന്ന് കളിവള്ളങ്ങള്‍ പാഞ്ഞുവരുന്നത് ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം കണ്ടു.

നെടുമുടി പൊങ്ങ കരക്കാര്‍ തുഴയുന്ന നെപ്പോളിയന്‍, ചെമ്പുംപുറം കരക്കാരുടെ പാര്‍ഥസാരഥി, അമിച്ചകരി കരക്കാര്‍ നയമ്പെറിയുന്ന ചമ്പക്കുളം, നടുഭാഗം കരക്കാരുടെ നടുഭാഗം, എടത്വാ കരക്കാര്‍ തുഴയുന്ന നേതാജി, മാമ്പുഴക്കരി കരക്കാര്‍ നയിക്കുന്ന നെല്‍സണ്‍, കാവാലം കരക്കാര്‍ തുഴഞ്ഞ കാവാലം എന്നീ ഏഴ് ചുണ്ടന്‍ വള്ളങ്ങളാണ് നെഹ്രുവിനു മുന്നില്‍ മത്സരിക്കാനിറങ്ങിയത്.

വാശിയേറിയ മത്സരത്തില്‍ ഒരു തുഴപ്പാടിന് നടുഭാഗം ഒന്നാമതെത്തി. നെപ്പോളിയനായിരുന്നു രണ്ടാം സ്ഥാനം. കാവാലം മൂന്നാം സ്ഥാനം കരസ്ഥമാക്കി. 10 മിനിറ്റു കൊണ്ട് മത്സരം കഴിഞ്ഞു. സമ്മാനദാനത്തിനുശേഷം നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി നെഹ്രു ആലപ്പുഴ ജെട്ടിവരെ യാത്ര ചെയ്തു. എല്ലാവര്‍ഷവും വള്ളംകളി നടത്തണമെന്ന് ആഗ്രഹമറിയിച്ച നെഹ്രു ഡല്‍ഹിയില്‍ചെന്ന ശേഷം ജേതാവിന് സമ്മാനിക്കാന്‍ ഒരു മുഴം നീളമുള്ള ഒരു വെള്ളിച്ചുണ്ടന്‍ അയച്ചുകൊടുത്തു. ഇതാണ് നെഹ്രു ട്രോഫി.

കൊല്ലം കളക്ടര്‍ തമ്പുരാന്‍, പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ എന്‍.വി. ചെല്ലപ്പന്‍ നായര്‍, കുട്ടനാട്ടില്‍നിന്നുള്ള തിരു-കൊച്ചി നിയമസഭാംഗം നാരായണ പിള്ള എന്നിവരായിരുന്നു വള്ളംകളിയുടെ മുഖ്യ സംഘാടകര്‍. അന്ന് ആലപ്പുഴ കൊല്ലം ജില്ലയിലായിരുന്നു.

ട്രോഫി വരാന്‍ വൈകിയതിനാല്‍ 53ല്‍ കളി നടന്നില്ല. 54ല്‍ മീനപ്പള്ളി വട്ടക്കായലിലായിരുന്നു കളി. ഇവിടെ കാറ്റ് കൂടുതലായതിനാല്‍ 55ല്‍ പുന്നമടക്കായലിലേക്ക് മാറ്റി. അന്നുമുതല്‍ പുന്നമടക്കായലാണ് സ്ഥിരം വേദി. 52ല്‍ നെഹ്രു കണ്ട വള്ളം കളിയുടെ ഏക ചരിത്ര ദൃശ്യരേഖ രണ്ടാം സമ്മാനം നേടിയ നെപ്പോളിയനു വേണ്ടി ക്യാപ്റ്റന്‍ പൂപ്പള്ളി കുട്ടിച്ചന്‍ നെഹ്രുവില്‍നിന്ന് ട്രോഫി വാങ്ങുന്ന ഫോട്ടോയാണ്. കാലപ്പഴക്കംകൊണ്ട് ഫോട്ടോ ആകെ മങ്ങിപ്പോയി.

പൂപ്പള്ളി കുടുംബത്തിന്റേതായിരുന്നു നെപ്പോളിയന്‍ ചുണ്ടന്‍. 52ല്‍ ഒന്നാമതെത്തിയ നടുഭാഗം പിന്നീട് ഇതുവരെ ഒന്നാം സ്ഥാനത്ത് വന്നിട്ടില്ല. അതേ സമയം നെപ്പോളിയന്‍ 57,58,59 വര്‍ഷങ്ങളില്‍ നെഹ്രു ട്രോഫി നേടി. ചരിത്രത്തിലെ ആദ്യത്തെ ഹാട്രിക് കുറിച്ചു. 61ലും നെപ്പോളിയന്‍ ഒന്നാമതെത്തി. എന്നാല്‍ 1920ല്‍ ആറമ്മുളയില്‍നിന്ന് ചുണ്ടന്‍ വാങ്ങി പുതുക്കിപ്പണിത് നെപ്പോളിയന്‍ എന്ന പേരിട്ടത് കുട്ടിച്ചനാണ്.പക്ഷേ, വള്ളംകളിവേദിയിലെ നിറസാന്നിധ്യമായിരുന്ന കുട്ടിച്ചന്റെ ക്യാപ്റ്റന്‍സിയില്‍ ട്രോഫി നേടാന്‍ കഴിഞ്ഞില്ല. 56ല്‍ അദ്ദേഹം മരിച്ചു. നെപ്പോളിയന്‍ നെഹ്രുട്രോഫി കരസ്ഥമാക്കിയ നാലു തവണയും കുട്ടിച്ചന്റെ മകന്‍ കുട്ടപ്പനായിരുന്നു ക്യാപ്റ്റന്‍.

73ല്‍ നെപ്പോളിയന്‍ വെള്ളംകുളങ്ങര കരക്കാര്‍ക്കുവിറ്റു. നെപ്പോളിയന്‍ എന്ന പേര് പിന്നീട് പാടില്ലെന്ന നിബന്ധനയിലായിരുന്നു വില്പന. വെള്ളംകുളങ്ങര എന്നാണ് ചുണ്ടന്റെ ഇപ്പോഴത്തെ പേര്. പഴയ നെപ്പോളിയന്റെ ഓടില്‍ തീര്‍ത്ത കൂമ്പ്, കുറ്റിയും വളയും, വെള്ളിക്കുമിള എന്നിവ കുട്ടിച്ചന്റെ മകന്‍ മോനിച്ചന്‍ നിധിപോലെ വീട്ടില്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. അമരത്ത് സ്ഥാപിച്ചിരുന്ന നെപ്പോളിയന്‍ എന്ന പേര് ആലേഖനം ചെയ്ത ഓടിന്റെ ഫലകവും ഇക്കൂട്ടത്തിലുണ്ട്.

52ലെ കളിയില്‍ പുളിങ്കുന്ന് പുന്നക്കുന്നത്തുശ്ശേരിയിലെ ഐ.സി. ചാക്കോയുടെ ജിയര്‍ഗോസ് എന്ന ചുണ്ടന്‍ പങ്കെടുക്കാനിരുന്നതാണ്. പാടത്തിന്റെ കരയില്‍ പാടത്തിനുനടുവില്‍ വെച്ചിരുന്ന ചുണ്ടന്‍ കൃഷി തുടങ്ങിയതിനാല്‍ വെള്ളത്തിലിറക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ നെഹ്രു എട്ട് കളിയോടങ്ങളുടെ മത്സരം കെേണ്ടനെ.

ചുണ്ടന്‍ എന്ന സ്വപ്നം



ഒരു പുത്തന്‍ ചുണ്ടന്‍ കരക്കാര്‍ക്ക് സ്വപ്നമെന്നോണം തന്നെ, ചുണ്ടന്‍ പണിയാന്‍ ഒരവസരം കിട്ടുകയെന്നത് പണ്ട് ആശാരിമാര്‍ക്കും വലിയ ആഗ്രഹമുള്ള കാര്യമായിരുന്നു. ചുണ്ടന്‍ പണിതിറക്കുന്ന ആശാരിക്ക് നാട്ടില്‍ ഒരു 'വി.ഐ.പി.' പദവികിട്ടിയിരുന്നത്രേ.

കുട്ടനാടിന്റെ പഴങ്കഥകളില്‍ ഒരു ആശാരിയുടെ കഥയുണ്ട്. കഥയല്ല, നടന്ന സംഭവമാണ്. ചമ്പക്കുളത്തുകാരന്‍ വടക്കേപ്പുരയ്ക്കല്‍ ഗോവിന്ദന്‍ ആശാരിയാണ് കഥാപാത്രം.ആയാപറമ്പ് തെക്കേമുറി ചുണ്ടന്‍ പണിയുടെ കാലം. ഗോവിന്ദനാശാരിക്ക് മാലിപ്പുര (വള്ളപ്പുര)യില്‍ പണിക്കാര്‍ക്കൊപ്പം ചുണ്ടന്റെ നിര്‍മാണ പ്രക്രിയയില്‍ പങ്കാളിയാവാന്‍ മോഹം. പണിയായുധങ്ങളുമായി ചെന്ന ഗോവിന്ദന്‍ ആശാരിയെ മാലിപ്പുരയിലെ ആശാരിമാര്‍ പരിഹസിച്ച് വിട്ടു. ചുണ്ടന്‍ പണിയാന്‍ താന്‍ ആളായിട്ടില്ലെന്ന് അവര്‍ പറഞ്ഞത് ഗോവിന്ദന്‍ ആശാരിയെ വേദനിപ്പിച്ചു.

എന്നാല്‍ ചുണ്ടന്‍ പണിതിട്ടുതന്നെ ബാക്കി കാര്യം എന്ന വാശിയിലായി ആശാരി. സ്വന്തം വീടും സ്ഥലവും പണയപ്പെടുത്തി പണം സമ്പാദിച്ചു. കിഴക്കന്‍ നാട്ടില്‍ പോയി ആഞ്ഞിലിത്തടിയെടുത്തു. ചങ്ങാടത്തില്‍ തടി കൂട്ടിക്കെട്ടി പമ്പയാറ്റിലൂടെയാണ് വരവ്. യാത്രക്ക് നാലഞ്ചുദിവസം വേണം. രാത്രി ഏതെങ്കിലും കടവില്‍ കിടന്നുറങ്ങും. ഒരു രാത്രി രണ്ട് വലിയ ഉരുളന്‍ തടി മോഷണം പോയി. ആശാരി തളര്‍ന്നില്ല. ഭാര്യയുടെയും മക്കളുടെയും സ്വര്‍ണപ്പണ്ടങ്ങള്‍ എല്ലാം വിറ്റ് ആശാരി വീണ്ടും തടിയെടുത്തു. കടത്തില്‍ മുങ്ങിത്താണ് ആശാരി ചുണ്ടന്റെ പണി തുടങ്ങി. വള്ളംപണി കണ്ട് നാട്ടുകാര്‍ കൂടി. നാട്ടില്‍ ഒരു ചുണ്ടന്‍ ഉണ്ടാവുന്നതില്‍ നാട്ടുകാര്‍ക്ക് ആവേശമായി. ആശാരിയുടെ കടത്തിന്റെ വിവരമറിഞ്ഞ നാട്ടുകാര്‍ സഹകരിച്ചു.

ചുണ്ടന്‍ നീരണിഞ്ഞ ദിവസം ആശാരിയെ തോളിലേറ്റി വരവേറ്റ നാട്ടുകാര്‍ പൊന്നും പണവും സമ്മാനമായി നല്‍കി. ഒടുവില്‍ ആശാരിക്ക് കടം വീട്ടിക്കഴിഞ്ഞ് മിച്ചം തുക കിട്ടിയത്രേ. ചുരുക്കത്തില്‍ ചുണ്ടന്‍ ആശാരിയുടെ കടം വീട്ടി.

ഗോവിന്ദന്‍ ആശാരി കടംവാങ്ങി പണിത വള്ളമാണ് പാര്‍ഥസാരഥി ചുണ്ടന്‍. കുട്ടനാട്ടില്‍ ഇപ്പോള്‍ ഉള്ളതില്‍ ഏറ്റവും പഴക്കമുള്ള ചുണ്ടനാണ് പാര്‍ഥസാരഥി. ഏതാണ്ട് 90 വര്‍ഷത്തെ പഴക്കം. ബ്രിട്ടീഷ് ഭരണകാലത്ത് കൊല്ലം അഷ്ടമുടിക്കായലില്‍ വൈസ്രോയി നടത്തിയ വള്ളംകളിയില്‍ പാര്‍ഥസാരഥിയാണ് ജേതാവായത്. പിന്നീട് ചുണ്ടന്റെ അമരത്തിനിരുവശവും നമ്പര്‍ വണ്‍ എന്ന് വലിയ ഗമയോടെ ആലേഖനം ചെയ്തിരുന്നു. ഒന്നാമത് എത്തിയതിന്റെ ഓര്‍മ്മയ്ക്കായിരുന്നു ഈ ആലേഖനം. പഴയ വള്ളമായതിനാല്‍ കുട്ടനാട്ടിലെ ഏറ്റവും നീളം കുറഞ്ഞ വള്ളമാണിത്. പലവട്ടം പാര്‍ഥസാരഥി പുതുക്കിപ്പണിതിട്ടുണ്ട്.

ദീര്‍ഘകാലം തോട്ടുവാത്തല എന്‍.എസ്.എസ്. കരയോഗത്തിന്റേതായിരുന്നു ഈ വള്ളം. പിന്നീട് തോട്ടയ്ക്കാട് രാജപ്പന്‍ നായര്‍ എന്ന വ്യക്തി വിലയ്ക്കു വാങ്ങി.

കുറെക്കാലമായി പാര്‍ഥസാരഥി മത്സരത്തിനിറങ്ങാറില്ല. എങ്കിലും പ്രദര്‍ശനത്തുഴച്ചിലില്‍ പങ്കെടുക്കാനെത്തുമായിരുന്നു.

പതിന്നാലാം നൂറ്റാണ്ടിലാണ് ചെമ്പകശ്ശേരി രാജവംശം നാടു ഭരിച്ചിരുന്നത്. അക്കാലത്ത് ആദ്യം പിറന്ന ചുണ്ടനു പിന്നാലെ നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒട്ടേറെ ചുണ്ടന്‍ വള്ളങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാലപ്പഴക്കത്തില്‍ നശിച്ച ചുണ്ടന്‍ വള്ളങ്ങളൊക്കെ വിസ്മൃതിയിലാണ്. പേരുകള്‍ പഴമക്കാര്‍ക്കു പോലും അറിയില്ല.

1940 വരെയുണ്ടായിരുന്ന നേതാജി, നെല്‍സണ്‍, കൊടുപ്പുന്ന എന്നീ ചുണ്ടന്‍ വള്ളങ്ങളുടെ പേര് പഴമക്കാരില്‍ ചിലര്‍ ഓര്‍ക്കുന്നുണ്ട്.

ചുണ്ടന്‍ കനിവ് നാടിനു വിദ്യ


ചുണ്ടനും സ്‌കൂളും തമ്മില്‍ എന്താണു ബന്ധം? കടലും കടലാടിയും പോലെ ഒരു ബന്ധവുമില്ലെന്ന് ഈ ചോദ്യത്തിന് ഉത്തരം വന്നേക്കാം. എന്നാല്‍ ചുണ്ടന്‍ അറിവിന്റെ പ്രകാശഗോപുരമുയരാന്‍ കാരണമായ സംഭവം ജലോത്സവചരിത്രത്തിലുണ്ട്.

കരുവാറ്റയിലും കൊടുപ്പുന്നയിലും സ്‌കൂളുകള്‍ വരാനുള്ള പണം ചൊരിഞ്ഞത് രണ്ട് ചുണ്ടന്‍വള്ളങ്ങളാണ്.

കരുവാറ്റ കരക്കാര്‍ക്ക് പണ്ട് ഒരു ചുണ്ടനുണ്ടായിരുന്നു. പയ്യമ്പള്ളി ഇല്ലത്തുകാരുടേതായിരുന്നു ഈ വള്ളം. ഈ ചുണ്ടന്‍ കൈനകരിക്കാര്‍ക്ക് വിറ്റു. കൈനകരിക്കാര്‍ ചുണ്ടന് നെപ്പോളിയന്‍ എന്നു പേരിട്ട് കളിക്കു കൊണ്ടുപോയിരുന്നു.

ചുണ്ടന്‍ വിറ്റുകിട്ടിയ പണംകൊണ്ട് സ്ഥലം വാങ്ങി കെട്ടിടം പണിത് കരുവാറ്റയിലെ നാട്ടുകാര്‍ ഒരു എല്‍.പി. സ്‌കൂള്‍ സ്ഥാപിച്ചു. ഇതാണ് കുമാരപുരം എല്‍.പി.സ്‌കൂള്‍. ഈ സ്‌കൂള്‍ പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. കൈനകരിക്കാര്‍ കൊണ്ടുനടന്ന നെപ്പോളിയന്‍ ചുണ്ടനാണ് കൈനകരിക്കാരില്‍നിന്ന് വെള്ളംകുളങ്ങരക്കാര്‍ വാങ്ങിയത്. ചുണ്ടന് വെള്ളം കുളങ്ങര എന്ന് പേരുമിട്ടു. പലവട്ടം പുതുക്കിപ്പണിത വെള്ളംകുളങ്ങര ചുണ്ടനില്‍ ഇപ്പോള്‍ പഴയ നെപ്പോളിയന്റെ രണ്ട് പലകകള്‍ മാത്രമേയുള്ളൂ. ചുരുക്കത്തില്‍ വെള്ളംകുളങ്ങര ഒരു പുതിയ ചുണ്ടനായി.

കൈനകരിക്കാര്‍ക്ക് ചുണ്ടന്‍ വിറ്റ കരുവാറ്റക്കാര്‍ വള്ളംകളിയില്‍നിന്ന് പിന്‍വാങ്ങിയെന്ന് ആരും കരുതരുത്. കുറെനാള്‍ കരുവാറ്റക്കാര്‍ ചുണ്ടന്‍ വാടകയ്ക്ക് എടുത്ത് കളിച്ചു. എടത്വാക്കാരുടെ പച്ചച്ചുണ്ടനായിരുന്നു സ്ഥിരമായി വാടകയ്ക്ക് എടുത്തിരുന്നത്. പിന്നീട് പച്ചച്ചുണ്ടന്‍ കരുവാറ്റക്കാര്‍ വിലയ്ക്ക് വാങ്ങി. പച്ചച്ചുണ്ടന്റെ പേരുമാറ്റി കരുവാറ്റ എന്ന് ചുണ്ടന് നാമകരണം ചെയ്തു. കരുവാറ്റയും വെള്ളംകുളങ്ങരയും ഇപ്പോഴും ജലമേളയുടെ കളിത്തട്ടിലുണ്ട്.

പഴയകാലത്ത് പ്രശസ്തി നേടിയ 'ജിയര്‍ഗോസ്' ചുണ്ടന്‍ വിറ്റുകിട്ടിയ പണം മുടക്കിയാണ് കൊടുപ്പുന്ന കരക്കാര്‍ കൊടുപ്പുന്ന ഗ്രാമത്തില്‍ യു.പി.സ്‌കൂള്‍ സ്ഥാപിച്ചത്. ഈ സ്‌കൂളും സര്‍ക്കാര്‍ പിന്നീട് ഏറ്റെടുത്തു.

പുളിങ്കുന്നിനടുത്ത പുന്നക്കുന്നത്തുശ്ശേരിക്കാരുടേതായിരുന്നു 'ജിയര്‍ഗോസ്'. വള്ളം ഉടമയാവട്ടെ സാഹിത്യനിരൂപകശ്രേഷ്ഠനായ ഐ.സി.ചാക്കോ. ജിയര്‍ഗോസ് ലത്തീന്‍ വാക്കാണ്. കര്‍ഷകന്‍ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. തായങ്കരിക്കാരാണ് 'ജിയര്‍ഗോസ്' വാങ്ങിയത്. ഈ ചുണ്ടന്‍ പിന്നീട് തായങ്കരിക്കാര്‍ കൊടുപ്പുന്നക്കാര്‍ക്ക് വില്ക്കുകയായിരുന്നു. കൊടുപ്പുന്നക്കാര്‍ കുറെക്കാലം ഈ ചുണ്ടന്‍ കളിച്ചു. ചുണ്ടന്‍ കൊറ്റാത്തൂര്‍ കൈതോടിക്കാര്‍ക്ക് വിറ്റു കിട്ടിയ പണംകൊണ്ടാണ് കൊടുപ്പുന്നക്കാര്‍ സ്‌കൂള്‍ പണിതത്. തായങ്കരിക്കാര്‍ ഒരു ചുണ്ടന്‍ പണിതിറക്കി എല്ലാ കളിയിലും പങ്കെടുക്കുന്നുണ്ട്. ജവഹര്‍ എന്നാണ് ഈ ചുണ്ടന്റെ പേര്‍. ജവഹറുമായി തായങ്കരിക്കാര്‍ ഇക്കുറിയും നെഹ്രുട്രോഫിക്ക് എത്തുന്നുണ്ട്.

ചരിത്രത്തില്‍ ആദ്യം ചുണ്ടന്‍ സ്വന്തമാക്കിയവരാണ് കൊടുപ്പുന്നക്കാര്‍. യുദ്ധം ജയിച്ച പടക്കപ്പല്‍ ചെമ്പകശ്ശേരി രാജാവ് സമ്മാനമായി കൊടുപ്പുന്ന ദേശക്കാര്‍ക്ക് നല്കുകയായിരുന്നല്ലോ. ആദ്യത്തെ ചുണ്ടന്റെ ശില്പി നാരായണന്‍ ആശാരിയുടെ നാട് കൂടിയായിരുന്നു കൊടുപ്പുന്ന. 40 വര്‍ഷത്തിലേറെയായി കൊടുപ്പുന്നക്കാര്‍ക്ക് ചുണ്ടനില്ല. ആദ്യത്തെ ചുണ്ടന്റെ ഉടമകള്‍ നാല് പതിറ്റാണ്ടായി വള്ളം കളി രംഗത്തില്ലെന്ന് സാരം.

ചുണ്ടന്‍ പ്രൗഢിയുടെ ചിഹ്നം


യുദ്ധതന്ത്രത്തിന്റെ സന്തതിയാണ് ചുണ്ടന്‍. കായലിലെ യുദ്ധക്കളത്തില്‍ പോരാടി ജലപാതകളിലൂടെ ജൈത്രയാത്ര നടത്തിയ പടക്കപ്പലില്‍നിന്നുള്ള ചുണ്ടന്റെ പിറവിയുടെ കഥയ്ക്കുപിന്നില്‍ രാജ്യസ്‌നേഹമുണ്ട്; പ്രാചീന തച്ചുശാസ്ത്രത്തിന്റെ മികവുണ്ട്. ഇന്ന് ജലോത്സവങ്ങളിലെ ആകര്‍ഷണഘടകമായ ചുണ്ടന്‍ പണ്ടത്തെ പടക്കപ്പലിന്റെ പിന്‍ഗാമിയാണ്. പടയ്ക്കുപയോഗിക്കുന്ന ജലവാഹനം പിന്നീട് പകിട്ടാര്‍ന്ന ചുണ്ടനായി രൂപംപ്രാപിക്കുകയായിരുന്നു.

ചുണ്ടന്റെ ജന്മത്തിനു പിന്നിലെ തിരശ്ശീല ഉയരുമ്പോള്‍ ചരിത്രത്തിന്റെ സ്​പന്ദനം കേള്‍ക്കാം. ആ സ്​പന്ദനം ചുണ്ടന്റെ കഥപറയുന്നു. അത് ഇപ്രകാരം.

നാട്ടുരാജാക്കന്മാരുടെ ഭരണകാലം. ചെമ്പകശ്ശേരി, കായംകുളം എന്നീ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത ശത്രുത. കലഹം മൂത്ത് ഇരുരാജ്യങ്ങളും യുദ്ധത്തിനൊരുങ്ങി. കായംകുളം കായലിലൂടെ പടയോട്ടം നടത്തി, കായംകുളം പിടിച്ചടക്കാന്‍ ചെമ്പകശ്ശേരി രാജാവ് ദേവനാരായണന്‍ പുതിയൊരു യുദ്ധതന്ത്രത്തിന് രൂപം നല്കി. യുദ്ധം ജലമാര്‍ഗമാക്കാനായിരുന്നു തീരുമാനം. യുദ്ധത്തിനായി ഒരു ജലവാഹനം തയ്യാറാക്കാന്‍ രാജാവ് ഉത്തരവിട്ടു. നിരവധി ശില്പികള്‍ മാതൃകയുമായി എത്തി. കൊടുപ്പുന്ന സ്വദേശി വെങ്കിടയില്‍ നാരായണന്‍ ആചാരി സമര്‍പ്പിച്ച മാതൃക രാജാവിന് ഇഷ്ടപ്പെട്ടു. തെങ്ങിന്‍കൊതുമ്പിലായിരുന്നു മാതൃക. ഇതനുസരിച്ച് ജലവാഹനം പണിതിറക്കി.

നൂറോളം പടയാളികള്‍ക്ക് കയറാം. പീരങ്കികള്‍ വെക്കാനും വെടിക്കോപ്പുകള്‍ സൂക്ഷിക്കാനും ഇടം. ചെമ്പകശ്ശേരി സൈന്യം ഈ പടക്കപ്പലുമായി പരീക്ഷണത്തിനായി കായലില്‍ ഇറങ്ങി. അതുവരെ കാണാത്ത പടക്കപ്പല്‍ കണ്ട് കായംകുളം രാജാവ് ഭയന്നു. നൂറോളംപേര്‍ ഒന്നിച്ച് തുഴയുമ്പോള്‍ ശരവേഗത്തില്‍ ജലവാഹനം പറക്കുന്നു. അതുപോലൊരു പടക്കപ്പല്‍ ഇല്ലാതെ പോരാടാന്‍ കഴിയില്ലെന്നുകണ്ട കായംകുളം രാജാവ് കൊടുപ്പുന്ന ആശാരിയെ കായംകുളത്ത് കൊണ്ടുവന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കായംകുളം രാജാവിനും ചെമ്പകശ്ശേരിക്കുള്ളതുപോലെ ഒരു ജലവാഹനം പണിതുകൊടുക്കാന്‍ ആശാരി നിര്‍ബന്ധിതനായി.

കായംകുളം സൈന്യം കായലില്‍ പരിശീലനം തുടങ്ങി. തങ്ങള്‍ക്കുള്ളതുപോലെ ഒരു ജലവാഹനം കായംകുളം ചേരിയില്‍ക്കണ്ട ചെമ്പകശ്ശേരി രാജാവ് പടക്കപ്പലിന്റെ നിര്‍മാണരഹസ്യം ചോര്‍ന്നതില്‍ കോപാകുലനായി. രാജഭടന്മാര്‍ ആശാരിയെ പിടിച്ചുകെട്ടി കല്‍ത്തുറുങ്കിലടച്ചു. വധശിക്ഷയ്ക്ക് രാജാവ് ഉത്തരവിട്ടു. ''യുദ്ധം കണ്ടശേഷമേ വധശിക്ഷ നടപ്പാക്കാവൂ. യുദ്ധത്തില്‍ ചെമ്പകശ്ശേരി ജയിക്കും''-ആശാരി കേണപേക്ഷിച്ചു.

യുദ്ധം തുടങ്ങി. കായലില്‍ ഇരുപടക്കപ്പലുകളും പോരിനിറങ്ങി. ചെമ്പകശ്ശേരിയുടെ പടക്കപ്പലിലെ പീരങ്കിയില്‍നിന്ന് വെടിപൊട്ടുമ്പോള്‍ ജലവാഹനം ഒരടി മുന്നോട്ട്. കായംകുളത്തെ പടക്കപ്പലിലെ പീരങ്കിയില്‍നിന്ന് വെടിവെക്കുമ്പോള്‍ ജലവാഹനം ഒരടി പിന്നോട്ട്. തച്ചുശാസ്ത്രത്തില്‍ ആശാരിക്കുള്ള കരവിരുതായിരുന്നു അതിനു കാരണം. ചെമ്പകശ്ശേരി യുദ്ധം ജയിച്ചു. സന്തുഷ്ടനായ ചെമ്പകശ്ശേരി രാജാവ് ആശാരിയെ തടവില്‍നിന്നു മോചിപ്പിച്ച് സമ്മാനങ്ങള്‍ നല്കി. സ്വര്‍ണവും വിലപിടിപ്പുള്ള ദ്രവ്യങ്ങളും സമ്മാനിച്ചതു കൂടാതെ ധാരാളം ഭൂമി കരമൊഴിവായി പതിച്ചുകൊടുത്തു.

ചെമ്പകശ്ശേരിയുടെ പടക്കപ്പല്‍ ആശാരിയുടെ നാടായ കൊടുപ്പുന്ന ദേശക്കാര്‍ക്ക് ഉപഹാരമായി നല്കി. ഈ പടക്കപ്പലിന്റെ രൂപവും ഭാവവും മാറ്റി വെങ്കിട്ടനാരായണന്‍ ആശാരി ആദ്യത്തെ ചുണ്ടന്‍വള്ളം പണിതു. അങ്ങനെ ആദ്യത്തെ കളിയോടം പിറന്നു.ആദ്യകാലത്ത് ചുണ്ടന്‍ പ്രൗഢിയുടെ ചിഹ്നമായിരുന്നു. മത്സരത്തിന് ഉപയോഗിച്ചിരുന്നില്ല.

Saturday, September 15, 2012

ചുണ്ടന്‍ ... പോരാളികളുടെ വാഹനം



വള്ളംകളി എന്നു തുടങ്ങിയെന്നതു സംബന്ധിച്ച് തെളിവുകളില്ല. എങ്കിലും നൂറ്റുണ്ടുകള്‍ക്ക് മുമ്പുതന്നെ വള്ളംകളി സംഘടിപ്പിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നീ ആരാധനാലയങ്ങളിലെ പ്രതിഷ്ഠയുടെ സ്മരണക്കായി ജലോത്സവം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നുവെന്ന് ചരിത്രമുണ്ട്. അന്നത്തെ ജലഘോഷയാത്രയും ജലോത്സവവും വള്ളംകളിയും ഒക്കെ ഒന്നായിരുന്നുവെന്ന ഒരു അഭിപ്രായമുണ്ട്. ആഘോഷ വേളകളില്‍ ചെറുവള്ളങ്ങള്‍ക്കൊപ്പം ചുണ്ടന്‍ വള്ളങ്ങള്‍ അണിഞ്ഞൊരുങ്ങി ആടിപ്പാടി തുഴഞ്ഞു പോവുന്നതായിരുന്നു ജലഘോഷയാത്രയും ജലോത്സവവും വള്ളംകളിയും.   

             വള്ളംകളിയും മത്സരവള്ളംകളിയും തമ്മില്‍ വ്യത്യാസമുണ്ട്. മത്സരവള്ളംകളി ആരംഭിക്കുന്നത് 1940 കളുടെ തുടക്കത്തിലായിരുന്നുവത്രേ. ചുണ്ടന്‍ വള്ളങ്ങള്‍ പോരുവള്ളങ്ങളാവുന്നത് അതോടെയാണ്. ഒരിടത്ത് ചുണ്ടന്‍ വള്ളങ്ങള്‍ ഒന്നിച്ച് തുഴച്ചില്‍തുടങ്ങി നിശ്ചിത മത്സരദൂരം തുഴഞ്ഞ് മറ്റൊരിടത്ത് എത്തുന്ന തരത്തിലാണ് മത്സരവള്ളംകളി സംഘടിപ്പിക്കുന്നത്. 

            ചമ്പക്കുളത്തും പായിപ്പാട്ടും പണ്ടേ വള്ളംകളിയുണ്ടായിരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് ചമ്പക്കുളത്ത് കളിയെങ്കില്‍ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി പായിപ്പാട് വള്ളംകളി ബന്ധപ്പെട്ടുകിടക്കുന്നു. ചുണ്ടന്‍ വള്ളങ്ങളും ചെറുകളിയോടങ്ങളും ഒന്നിച്ചു തുഴഞ്ഞുവരുന്നതാണ് പണ്ടുകാലത്ത് നടന്ന വള്ളംകളി. 
നെഹ്രുട്രോഫി ആദ്യം മുതല്‍ക്കേ മത്സരവള്ളം കളിയായിരുന്നു. കാലക്രമേണ ചമ്പക്കുളത്തും പായിപ്പാട്ടും മറ്റുദിക്കുകളിലും വള്ളംകളി മത്സരവള്ളംകളിയായി മാറി.   
                                                           
              കൊല്ലത്ത് മണ്‍റോ തുരുത്തില്‍ ബ്രിട്ടീഷ് വൈസ്രോയി 40കളില്‍ ഒരു മത്സരവള്ളംകളി നടത്തിയതായി രേഖയുണ്ട്. ഒരുപക്ഷേ അതായിരിക്കാം ആദ്യത്തെ മത്സരവള്ളംകളി. വള്ളംകളി മത്സരവള്ളംകളി ആവുന്നതിനുമുമ്പ് ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പള്ളിയോടങ്ങളുടെ രൂപമായിരുന്നു. വീതി കൂടി, നീളം കുറഞ്ഞ്,അണിയവും (മുന്‍ഭാഗം) അമരവും (പിന്‍ഭാഗം) ഉയര്‍ന്നതായിരുന്നു പഴയ ചുണ്ടന്‍ വള്ളങ്ങള്‍. കാണാന്‍ അഴക്, ഓളപ്പരപ്പില്‍ കിടക്കുമ്പോള്‍ പ്രൗഢിയുടെ പ്രതീകം. അതുകൊണ്ടാണ് ചുണ്ടന് ജലരാജാവ് എന്ന് പേര് വീണത്.

             മത്സരവള്ളംകളി വന്നതോടെ ചുണ്ടന്റെ നീളം കൂടി, വീതികുറഞ്ഞു. അണിയവും അമരവും താഴ്ത്തി. ഭാരം കുറച്ച് ജലനിരപ്പിന് സമാന്തരമായി കുതിക്കാന്‍ ചുണ്ടനിലുണ്ടാക്കിയ രൂപമാറ്റം വേഗം വളരെയേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. പഴയ ചുണ്ടന്റെ രൂപം ഇന്നും അതേപടി നിലനിര്‍ത്തുന്നതാണ് ആറന്മുള പള്ളിയോടം. മത്സരത്തിന് മുന്‍തൂക്കം നല്‍കി രൂപമാറ്റം ഉണ്ടായതാണ് കുട്ടനാടന്‍ ചുണ്ടന്‍. 50 കളില്‍ മത്സരവള്ളംകളിക്ക് പ്രാമുഖ്യം വന്നുതുടങ്ങി. 

          നെഹ്രു ട്രോഫി വള്ളംകളി ആരംഭിച്ചതോടെ മത്സരത്തിന് തീവ്രതയേറി. ഓളപ്പരപ്പിലെ സുന്ദര നൗകകള്‍ക്ക് സൗന്ദര്യം അല്പം കുറഞ്ഞുപോയെങ്കിലും കുട്ടനാടല്‍ ചുണ്ടന്റെ 'സ്​പീഡ്' ലോകമെങ്ങും കീര്‍ത്തി പരത്തി. കൊള്ളിമീന്‍ പോലെ, ചാട്ടുളി പോലെ, കരിനാഗം പോലെ തുടങ്ങിയ വേഗത്തിന്റെ വാക്പ്രയോഗങ്ങള്‍ കുട്ടനാടന്‍ ചുണ്ടനെ ചുറ്റിനിന്നു. ഇന്ന് ജലോത്സവങ്ങളെല്ലാം മത്സരവള്ളംകളികളായിക്കഴിഞ്ഞു.